Kerala
ഉഗ്രവിഷ സർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ടി.ജി മോഹന്‍ദാസിന് മറുപടിയുമായി ശാരദക്കുട്ടി
Kerala

ഉഗ്രവിഷ സർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ടി.ജി മോഹന്‍ദാസിന് മറുപടിയുമായി ശാരദക്കുട്ടി

Web Desk
|
11 Aug 2018 5:51 AM GMT

ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോൾ ആ പ്രകൃതി നിയമമൊക്കെ ഓർത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റർ ടി ജി മോഹൻദാസ് നിങ്ങളോട് ക്ഷമിക്കുന്നത്

സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനയുമായി എത്തിയ ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിന് മറുപടിയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കുറെ ജിഹാദികള്‍ ബഹളം വയ്ക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും രക്ഷയായി സൈന്യവുമെത്തിയിരിക്കുന്നു. വന്‍കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിരിക്കുന്നു എന്നായിരുന്നു മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ടി. ജി. മോഹൻ ദാസ്,

താങ്കൾ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തിൽ 200 ാമത്തെ വരിയിൽ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..

"സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാർ തങ്ങളിൽ ചേർന്നു ഞായം" എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോൾ ഉള്ളിലുള്ളവർ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നു. ഓടി വരുന്നൊരു വൻ തീയെക്കണ്ടിട്ട് പുലിയും മാൻകുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോർക്കുന്നു. പശുക്കുട്ടികളെ പുലികൾ ചേർത്തു പിടിക്കുന്നു. തീയെ ചെറുക്കുവാൻ സർപ്പങ്ങൾ തങ്ങളുടെ പത്തി വിടർത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകൾ പീലി വിടർത്തി പ്രകൃതി ദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല. ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോൾ ആ പ്രകൃതി നിയമമൊക്കെ ഓർത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റർ ടി ജി മോഹൻദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാൻ അറിയാഞ്ഞിട്ടുമല്ല.

ടി. ജി. മോഹൻ ദാസ്, താങ്കൾ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ...

Posted by Saradakutty Bharathikutty on Friday, August 10, 2018
Related Tags :
Similar Posts