ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു
|ഡാമിന്റെ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് അതേ അളവില്‍ തുടരുകയാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു. 48 മണിക്കൂറില്‍ മൂന്നടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മഴയിലുണ്ടായ കുറവ് നീരൊഴുക്കിലും കുറവുവരുത്തി. ഡാമിന്റെ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് അതേ അളവില്‍ തുടരുകയാണ്.
ഒറ്റ രാത്രി കൊണ്ടാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പില്‍ ഒരടി കുറഞ്ഞത്. ഇന്നലെ മഴയിലുണ്ടായ കുറവും ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒരേ അളവില്‍ തുടരുന്നതുമാണ് ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ കാരണം. സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്റര്‍ ജലമാണ് അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്നത്. ഇന്നലെ ഇടുക്കിയില്‍ 95 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ദുരന്ത നിവാരണ അതോറിറ്റിയുടെ റെഡ് അലേര്‍ട്ട് 14ആം തീയ്യതി വരെ തുടരും.
വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് ക്രമമായി കുറയുകയാണെങ്കില്‍ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കും. ഡാമിന്റെ ആദ്യ ഷട്ടര്‍ തുറന്നത് മുതല്‍ 130 ദശലക്ഷം ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്.