കണ്ണൂരില്‍ വീടുകളിലും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലും വിളളല്‍
|21 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു. ജില്ലാ ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും അടങ്ങുന്ന വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി.
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ കേളകം ശാന്തിഗിരിയില്‍ 26 വീടുകളും ഏക്കര്‍കണക്കിന് കൃഷിയിടങ്ങളിലും വിളളല്‍ വീണു. 21 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു. ജില്ലാ ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും അടങ്ങുന്ന വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി.
കേളകം പഞ്ചായത്തിലെ ഏഴാംവാര്‍ഡ് കൈലാസന്പടിയിലാണ് ഇന്നലെ വൈകീട്ടോടെ വീടുകളിലും കൃഷിയിടങ്ങളിലും വിളളല്‍ കണ്ടുതുടങ്ങിയത്. ഇന്ന് രാവിലെയോടെ ഇത് കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. 26 വീടുകളാണ് വിണ്ട് കീറിയിട്ടുളളത്. ഇതില്‍ മൂന്ന് വീടുകള്‍ താമസയോഗ്യമല്ലാത്ത രീതിയില്‍ നശിച്ചു.
പ്രദേശത്തെ 21 കുടുംബങ്ങളെ തൊട്ടടുത്ത ശാന്തിഗിരി സര്‍ക്കാര്‍ എല്‍.പി സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ ജിയോളജിസ്റ്റിന്റെയും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറുടെയും നേതൃത്വത്തിലുളള സംഘം ഇന്ന് ഉച്ചയോടെ പ്രദേശത്ത് പരിശോധന നടത്തി. ആശങ്കപ്പെടണ്ട സാഹചര്യം നിലവിലില്ലെന്നും വിദഗ്ധ ഏജന്‍സിയെക്കൊണ്ട് സ്ഥലത്ത് പഠനം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. വിളളല്‍ ഉണ്ടായ പ്രദേശത്ത് രണ്ട് ഗുഹകള്‍ രൂപപ്പെട്ടതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.