കോഴിക്കോട് ജില്ലയില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴക്ക് നേരിയ കുറവ്
|മലയോര മേഖലയിലാണ് ഇപ്പോഴും മഴ തുടരുന്നത്,മഴയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് ഇതുവരെയുള്ള വിലയിരുത്തല്‍
കോഴിക്കോട് ജില്ലയില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴക്ക് നേരിയ കുറവ്. മലയോര മേഖലയിലാണ് ഇപ്പോഴും മഴ തുടരുന്നത്. അതേസമയം, മഴയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് ഇതുവരെയുള്ള വിലയിരുത്തല്‍.
നാലു ദിവസമായി തുടരുന്ന കനത്ത മഴ വ്യാപക നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടാക്കിയിട്ടുള്ളത്. മലയോര മേഖലയിലാണ് കൂടുതല്‍ നാശം. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ജില്ലാ ഭരണകൂടം ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആയിരത്തി ഒരുനൂറ് പേരെയാണ് 15 ദുരിതാശ്വാസ ക്യാന്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. മലയോര മേഖലയിലെ റോഡുകള്‍ പലതും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഉരുള്‍പൊട്ടല്‍ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം, ഇന്ന് മഴയില്‍ നേരിയ കുറവുണ്ട്. വരും ദിവസങ്ങളിലും മഴ മാറി നിന്നാല്‍ ജനങ്ങളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുന്നതടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാകും എന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.