വയനാട്ടില്‍ വീണ്ടും കനത്ത മഴ, ബത്തേരിയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു
|ജില്ലയിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വയനാട് ജില്ലയില്‍ വീണ്ടും കനത്ത മഴ. ഇന്ന് രാവിലെ തുടങ്ങിയ മഴ ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലുമുണ്ട്. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബത്തേരിയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.
കനത്ത മഴയില്‍ സ്തംഭിച്ച ജനജീവിതം സാധാരണനിലയിലേക്ക് പതിയെ തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും കനത്ത മഴ തുടങ്ങിയത്. ജില്ലയിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയ ചില മേഖലകളില്‍ തിരിച്ചെത്തിയവരും ഇന്ന് രാവിലെ മുതല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആശങ്കയിലായിരിക്കുകയാണ്. വെള്ളമിറങ്ങിയ പല വീടുകളും ചളി നിറഞ്ഞ് വാസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്.
ബത്തേരി മൂന്നാം മൈല്‍ സ്വദേശി രാജമ്മയാണ് ഇന്ന് രാവിലെ പഴയ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് മരിച്ചത്. സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 13916 പേരെ മാറ്റി പാര്‍പ്പിച്ചു. പല മേഖലകളിലും മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ചൊവ്വാഴ്ച വരെ തുടരും.