അപ്പര്‍ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയില്‍
|മേഖലയിലെ മൂന്ന് താലൂക്കുകളിലായി 23 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്.
പമ്പ നദിയിലെ നീരൊഴുക്കിന്റെ തീവ്രത കുറഞ്ഞെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്നു. മേഖലയിലെ മൂന്ന് താലൂക്കുകളിലായി 23 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യമാണുള്ളതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍.
പമ്പ നദിയിലെ നീരൊഴുക്കിന്റെ തീവ്രത കുറയുകയും മഴ ദുര്‍ബലപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും അപ്പര്‍ കുട്ടനാട് ഉള്‍പ്പെടുന്ന പ്രദേശം ദുരിതത്തിലാണ്. പ്രദേശത്തെ താഴ്ന്ന ഇടങ്ങളില്‍ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യ ദിനത്തില്‍ 2 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നതെങ്കില്‍ ഇന്നലെ അത് 23 ആയി. തിരുവല്ല താലൂക്കില്‍ 17ഉം കോഴഞ്ചേരി താലൂക്കില്‍ 5ഉം മല്ലപ്പള്ളിയില്‍ ഒരു ക്യാമ്പു പ്രവര്‍ത്തിക്കുന്നു. ആകെ 600 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് നേരത്തെ തുറന്നുവിട്ട പമ്പ ഡാമിന്റെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. കക്കി ഡാമിന്റെ ഷട്ടറുകള്‍ ഒരടി തുറന്നിരുന്നത് അരയടിയായി കുറച്ചിട്ടുണ്ട്. മൂഴിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന നിലയിലാണ്. ഇപ്പോഴും ഡാമുകള്‍ പരമാവധി സംഭരണശേഷിയിലാണ്. വെള്ളം താഴേയ്ക്ക് ഒഴുകിയെത്തുന്ന മുറയ്ക്ക് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനാണ് തീരുമാനം.