ജലനിരപ്പ് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു
|ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകള്‍ അടക്കാന്‍ തീരുമാനിച്ചത്.
ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്. എന്നാല്‍ മറ്റുഷട്ടറുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് തുടരും. അതേസമയം മറ്റു ഷട്ടറുകളില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് മൂന്ന് ലക്ഷം ലിറ്ററാക്കിയാണ് കുറച്ചത്.
ഡാമിന്‍റെ ജലനിരപ്പ് 2397ലേക്ക് എത്തിയാല്‍ ഡാമിന്‍റെ ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കുറയ്ക്കാനാണ് കെ.എസ്ഇബി തീരുമാനിച്ചിരുന്നത്. വൈകിട്ടാണ് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകളും അടച്ചത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞു. ഒന്നാം ഷട്ടറും അഞ്ചാം ഷട്ടറുമാണ് അടച്ചത്. മറ്റ് മൂന്നു ഷട്ടറുകളിലൂടെ നാലരലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നേരത്തെ ഇത് ഏഴരലക്ഷം ലിറ്റര്‍ ആയിരുന്നു. 1.8മീറ്റര്‍ ഉയര്‍ത്തിയിരുന്ന മറ്റ് മൂന്നു ഷട്ടറുകള്‍ 1.5 മീറ്റര്‍ ആക്കി.
ചെറുതോണിപുഴയിലൂടെ പെരിയാറിലെത്തുന്ന വെള്ളത്തിന്‍റെ അളവില്‍ കാര്യമായ കുറവുണ്ടായി. ചെറുതോണി പാലത്തിലൂടെ കവിഞ്ഞ് ഒഴുകുന്ന വെള്ളം പാലത്തിന് താഴെയെത്തി. എങ്കിലും ഗതാഗതം ഉടന്‍ പുനസ്ഥാപിക്കില്ല. പാലത്തിന് ബലക്ഷയം ഉണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധിക്കും.