ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍
|മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ സംസാരിക്കവെയാണ് സഹോദരന്‍ ആക്ഷേപം ഉന്നയിച്ചത്
അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ സംസാരിക്കവെയാണ് സഹോദരന്‍ ആക്ഷേപം ഉന്നയിച്ചത്.താനടക്കം പലരേയും പണം നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ സ്പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു.
കേസന്വേഷണത്തിലും പൊലീസിന്റെ നീക്കങ്ങളിലും വിശ്വാസമുണ്ടെങ്കിലും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുയരുന്നുണ്ടെന്നായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചത്. തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുകയാണ്. ഇത് മുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. നേരത്തെ താനടക്കം പലര്‍ക്കും പണവും ഭൂമിയും ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ മറ്റുള്ളവരെയും ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. ജലന്ധറില്‍ എത്തി ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ക്കായി അന്വേഷണ സംഘം സമയം കളയുന്നതിനിടെയാണ് കന്യാസ്ത്രീയുടെ സഹോദരന്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.