പ്രളയവും ദുരിതവും തുടരുന്നു; വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് ദിവസം കൂടി കനത്ത മഴ Live Blog
|വടക്കന്‍ കേരളത്തിലും ഇടുക്കിയിലും കനത്ത മഴ തുടരുന്നു. മൂന്നിടത്ത് ഉരുള്‍പൊട്ടി. 444 വില്ലേജുകളെ പ്രളയ ബാധിതമായി പ്രഖ്യാപിച്ചു. ഇരുപതിനായിരം വീടുകള്‍ തകര്‍ന്നു. പതിനായിരം കിലോമീറ്റര്‍ റോഡ് ഒലിച്ചുപോയി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് രണ്ടാംഘട്ട ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലെത്തി. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും. ഡാമില്‍ നിന്ന് വെള്ളമൊഴുകി വരുന്ന ഇടങ്ങളിലുള്ളവരെയാണ് മാറ്റുക.
ശക്തമായ നീരൊഴുക്ക് കാരണം നെയ്യാർ ജലസംഭരണിയിലെ സംഭരണശേഷി കഴിഞ്ഞതിനാൽ ഷട്ടറുകൾ 4 അടിയായി ഉയർത്തും. ശക്തമായ നീരൊഴുക്ക് നിലനിൽക്കുന്നതിനാൽ രാത്രിയിൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കേണ്ടതായി വരും. നെയ്യാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് സി.കെ ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 15 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 17 വരെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആഗസ്റ്റ് 15 വരെ റെഡ് അലേര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ആഗസ്റ്റ് 15 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
3. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ വിസമ്മതിക്കരുത്.
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
കനത്ത മഴയും അണക്കെട്ടില്‍ അതിവേഗം ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം. മുല്ലപ്പെരിയാറിന്‍റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍ നിന്നും പെരിയാറിലേക്ക് ജലം ഒഴുക്കി വിടുവാന്‍ സാധ്യതയുണ്ടെന്ന് തമിഴ് നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്‍ബുക്ക് പേജിലൂടെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായും അറിയിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനായി കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ദിവസത്തെ ശമ്പളം നൽകും. സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ച സാഹചര്യത്തിലാണ് ഒരു ദിവസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനിച്ചതെന്ന് ഐ.എ.എസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ആശാ തോമസും സെക്രട്ടറി ഡോ. കെ. ബിജുവും അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴക്ക് സാധ്യത. ലക്ഷദ്വീപിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
താമരശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ ബാണാസുര സാഗറിന്‍റെ നാലാമത്തെ ഷട്ടറും തുറന്നു. തലപ്പുഴയില്‍ ഒഴുക്കില്‍ പെട്ടയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. പതിമൂവായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്.
ചാലിയാര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം മുണ്ടേരി ഫാമില്‍ 41 തൊഴിലാളികള്‍ ഒറ്റപ്പെട്ടു. രണ്ട് മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൊഴിലാളികളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ജില്ലയില്‍ മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
കണ്ണൂരില്‍ കനത്ത മഴയും കാറ്റും. ബാവലിപുഴ കരകവിഞ്ഞൊഴുകുന്നു. കൊട്ടിയൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി
ഇടുക്കി ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അഞ്ച് ഷട്ടറുകളും തുറന്നത്.
ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. 2397 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂന്ന് ഷട്ടറുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം പുറത്തേക്കൊഴുകുന്നത്. അടച്ച ഷട്ടറുകള്‍ തുറക്കുകയോ ഇപ്പോള്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കിവിടുകയോ ചെയ്യും. ചെറുതോണി പുഴയുടേയും പെരിയാറിന്റേയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമന്ന് കലക്ടര്‍ അറിയിച്ചു. മുലപ്പെരിയാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കൂടുകയാണ്. ജലനിരപ്പ് 137 അടിയായി.
മലപ്പുറം പോത്തുകല്ല് മുണ്ടേരി ഫാമില്‍ വെള്ളം കയറി. ചാലിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളം കയറിയത്. 70 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു. ശക്തമായ മഴയിലും കാറ്റിലും മലപ്പുറം കിഴിശ്ശേരിയിലെ വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണു.
തൃശൂരിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ ഷെൽറ്ററിനു മുകളിലാണ് മരം വീണത്. ചെമ്പൂച്ചിറ സ്വദേശി ഷാജി ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മാറ്റിവെച്ചു. ആ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത കാലവര്‍ഷക്കെടുതിയാണ് ഇത്തവണയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 20000 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 10000 കിലോമീറ്റര്‍ റോഡുകള്‍ ഇല്ലാതായി. 30000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 444 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു. 8316 കോടി രൂപയുടെ നഷ്ടമുണ്ടായി. 1220 കോടി അടിയന്തരസഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കണ്ണൂരിലും കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ബാവലിപുഴ കരകവിഞ്ഞ് ഒഴുകുകയാണ്.
വയനാട്ടില്‍ കനത്ത മഴ തുടരുന്നു. കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞു. ബാണാസുര സാഗര്‍ ഡാമിന്റെ നാലാമത്തെ ഷട്ടറും ഉയര്‍ത്തി.
കൂടരഞ്ഞി നായാടാംപൊയില്‍, മുത്തപ്പന്‍പുഴ മറിപ്പുഴ വനം, കണ്ണപ്പന്‍കുണ്ട് മലിയാടാംപാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മറിപ്പുഴയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുത്തപ്പന്‍പുഴയിലും ആനക്കാംപൊയിലിലും മലവെള്ളപ്പാച്ചിലുണ്ടായി. നായാടാംപൊയിലില്‍ റോഡ് ഒലിച്ചുപോയി. താമരശ്ശേരി അടിവാരത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കിയില്‍ മഴ കനത്തതോടെ മൂന്നാര്‍ ഒറ്റപ്പെട്ടു. മാട്ടുപ്പെട്ടി ഡാം തുറന്നതോടെ മുതിരപ്പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഓള്‍ഡ് മൂന്നാര്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. അടിമാലിയില്‍ ഉരുള്‍പൊട്ടി.