ഇടുക്കിയില്‍ മഴ തുടരുന്നു; അടിമാലിയിലും ചുരുളിയിലും ഉരുള്‍പൊട്ടി
|ഇന്നലെ രാത്രി മുതല്‍ ശക്തമായ കാറ്റും മഴയുമാണ് ഇടുക്കി ജില്ലയുടെ വിവിധയിടങ്ങളില്‍ പെയ്യുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.1 അടിയായി ഉയര്‍ന്നു
ഇടുക്കി ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍, മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. പെരിയാര്‍ വാലിക്കു സമീപം ചുരുളിയില്‍ ഉരുള്‍ പൊട്ടി കൃഷിയിടം ഒലിച്ചുപോയി. ഇടുക്കി ഡാമില്‍നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. അടിമാലി കൊരങ്ങാട്ടിയിലും ഉരുള്‍ പൊട്ടലുണ്ടായി. കൊരങ്ങാട്ടിക്ക് സമീപമുള്ള ചെക്ക് ഡാം തകര്‍ന്നു.
ഇന്നലെ രാത്രി മുതല്‍ ശക്തമായ കാറ്റും മഴയുമാണ് ഇടുക്കി ജില്ലയുടെ വിവിധയിടങ്ങളില്‍ പെയ്യുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.1 അടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മൂന്നാറിനു സമീപത്തുള്ള മാട്ടുപ്പെട്ടി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ഒരു ഷട്ടര്‍ തുറന്നു. ഒരുലക്ഷത്തി ഇരുപതിനായിരം ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഓള്‍ഡ് മൂന്നാര്‍ പരിസരത്ത് വെള്ളം കയറുകയാണ്. മുതിരപ്പുഴയാര്‍, എല്ലയ്ക്കല്‍, വെള്ളത്തൂവല്‍, കല്ലാര്‍കുട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്‍ഡില്‍ നാലര ലക്ഷം ലിറ്റര്‍ ജലം പുറത്തുവിട്ടിരുന്നത് മൂന്നു ലക്ഷം ലിറ്ററാക്കി കുറച്ചു. ശക്തമായ മഴയില്‍ പെരിയാര്‍ വാലിക്കു സമീപം ചുരുളിയില്‍ ഉരുള്‍ പൊട്ടി കൃഷിയിടം ഒലിച്ചുപോയി. അഞ്ചംഗ കുടുംബം അല്‍ഭുതകരമായി രക്ഷപെട്ടു.
പത്തനംതിട്ട ജില്ലയിലെ പമ്പ, കക്കി, മൂഴിയാര്‍ തുടങ്ങിയ ഡാമുകള്‍ തുറന്ന അവസ്ഥയി ആയതിനാല്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ദിനം പ്രതി ഉയരുകയാണ്. ദുരതാശ്വാസ ക്യാമ്പുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇടുക്കിയിലും, പത്തനംതിട്ട ജില്ലയിലും റെഡ് അലേര്‍ട്ട് തുടരുന്നതിനാല്‍ വരും മണിക്കൂറുകളിലും ജാഗ്രത തുടരുകയാണ്.