ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹരജി തള്ളി
|ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്
കൊച്ചിയിൽ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ദീലീപിന് നല്‍കാനാവില്ലെന്ന് ഹൈക്കോടതി. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഇരയുടെ സ്വകാര്യതയെ മാനിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ ലഭിക്കാതെ കേസിൽ സുഗമമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടി കാട്ടി ദീലിപ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കൈമാറുന്നത് നടിയുടെ സ്വകാര്യതയുടെ ലംഘനമാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിലെ രേഖകളില്‍ പ്രതിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.എന്നാല്‍ ഈ കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപും അഭിഭാഷകനും ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് കണ്ടിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ഇത്തരം ഹരജികളുമായി എത്തുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദങ്ങള്‍.
നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹരജികള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.