പാഴ് വസ്തുക്കളെ കുപ്പയില്‍ തള്ളേണ്ട, നന്ദുവിന്റെ കയ്യില്‍ കിട്ടിയാല്‍ അതൊരു വാഹനമാകും
|ക്ലോസ് റേഞ്ചില്‍ ആരു കണ്ടാലും ഒര്‍ജിനലാണെന്നേ പറയു.അത്രയ്ക്കും പെര്‍ഫെക്ഷനാണ് വടവാതൂര്‍ സ്വദേശി നന്ദുവിന്റെകരവിരുതിന്
പാഴ് വസ്തുക്കള്‍ കൊണ്ട് വാഹനങ്ങളുടെ മോഡലുകള്‍ മനോഹരമായി ഉണ്ടാക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പരിചയപ്പെടാം ഇനി. കോട്ടയം വടവാതൂര്‍ സ്വദേശി നന്ദുവാണ് ആരെയും അമ്പരപ്പിക്കുന്ന ഈ കുഞ്ഞന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ക്ലോസ് റേഞ്ചില്‍ ആരു കണ്ടാലും ഒര്‍ജിനലാണെന്നേ പറയൂ. അത്രയ്ക്കും പെര്‍ഫെക്ഷനാണ് വടവാതൂര്‍ സ്വദേശി നന്ദുവിന്റെ കരവിരുതിന്. നാട്ടിലൂടെ ഓടുന്ന ബസിന്റെ മോഡല്‍ നിര്‍മ്മിച്ചാണ് ആദ്യം തുടങ്ങിയത്. പിന്നാലെ ടൂറിസ്റ്റ് ബസുകളടക്കം ബസ്സുകളുടെ വലിയ ശേഖരം തന്നെ നിര്‍മ്മിച്ചു. എല്ലാം പാഴ് വസ്തുക്കള്‍ ഉപയോഗിച്ച്.
ബസുകളുടെ മോഡല്‍ മാത്രമല്ല ലോറിയും ഓട്ടോയും അടക്കം എല്ലാ വാഹനങ്ങളും നന്ദു ഉണ്ടാക്കും. നിലവില്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ് നന്ദു. പഠനത്തിനിടയില്‍ ലഭിക്കുന്ന സമയങ്ങളിലാണ് ഇവ നിര്‍മ്മിക്കുന്നത്. നന്ദുവിന്റെ വാഹനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ട് വാങ്ങാന്‍ വരുന്നവരും ഏറെയാണ്. പഠനത്തിനൊപ്പം അങ്ങനെ വരുമാനവും നന്ദു കണ്ടെത്തുന്നു.