Kerala
നേരിട്ടത് വന്‍ ദുരന്തം, 444 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു  
Kerala

നേരിട്ടത് വന്‍ ദുരന്തം, 444 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു  

Web Desk
|
14 Aug 2018 8:20 AM GMT

സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത കാലവര്‍ഷക്കെടുതിയാണ് ഇത്തവണയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 444 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു. 8316 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 1220 കോടി അടിയന്തരസഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മാറ്റിവെച്ചതായും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു

കാര്‍ഷികവിഭവങ്ങളും വന്‍ തോതില്‍ നശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ പോലുള്ള മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിന്‍റെ ഫലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിലെ 27 ഡാമുകള്‍ ഇതിന്‍റെ ഭാഗമായി തുറന്നുവിടേണ്ടിയും വന്നിട്ടുണ്ട്. നദികള്‍ പലയിടത്തും ഗതിമാറി കരകവിഞ്ഞൊഴുകി. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളില്‍ കുടിവെള്ളം തടസ്സപ്പെടുന്ന നിലയുണ്ടായി. ജലസംഭരണികള്‍ മലിനമാകുന്ന പ്രശ്നവും ഉയര്‍ന്നുവന്നു.

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. മന്ത്രിമാര്‍ അവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ പരാതിക്കിടനല്‍കാത്തവിധം സജ്ജീകരിക്കുന്നതിന് കഴിഞ്ഞു.

1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം നല്‍കണമെന്ന ആവശ്യം സംസ്ഥാനം രാജ്നാഥ് സിംഗിന്‍റെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രാഥമികമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ എന്നതിനാല്‍ വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്ന കാര്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്.

Similar Posts