നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു
|തലശ്ശേരി ജഗന്നാഥ ക്ഷേത്ര കുളത്തിലാണ് മത്സരം സംഘടിപ്പിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ല നീന്തല്‍ മത്സരത്തിനിടെയാണ് സംഭവം
കണ്ണൂര്‍ തലശേരിയില്‍ റവന്യൂ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ന്യൂമാഹി എം എം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഋത്വിക് രാജാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കെയായിരുന്നു മതിയായ സുരക്ഷാ സംവിധാനം പോലുമില്ലാതെ മത്സരം സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് തലശേരി ജഗനാഥ ക്ഷേത്ര കുളത്തില്‍ വിദ്യാഭ്യാസ ജില്ലാ നീന്തല്‍ മത്സരം ആരംഭിച്ചത്.മൂന്ന് സബ് ജില്ലകളില്‍ നിന്നായി മുപ്പതോളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മത്സരത്തിനിടെ ന്യൂ മാഹി എം.എം ഹൈസ്കൂളിലെ വിദ്യാര്‍ഥി ഋത്വിക് രാജ് കുളത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഫയര്‍ഫോഴ്സ് അടക്കം ഒരു സുരക്ഷാ സംവിധാനവും സ്ഥലത്തുണ്ടായിരുന്നില്ല.
തുടര്‍ന്ന് തലശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിനടിയിലെ പായലിലും ചെളിയിലും കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലാ വിദ്യാഭ്യാസ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
തലശ്ശേരി ജഗന്നാഥ ക്ഷേത്ര കുളത്തിലാണ് മത്സരം സംഘടിപ്പിച്ചത്. തലശ്ശേരി വിദ്യാഭ്യാസ ജില്ല നീന്തല്‍ മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മത്സരം സംഘടിപ്പിച്ചത്.