‘ആര് എപ്പൊ അഭയാര്‍ഥിയാകുമെന്ന് പറയാനാവില്ല’ ഐ.എ.എസ് ഓഫീസർ വീടുവിട്ടിറങ്ങുന്ന ചിത്രവുമായി ‘കലക്ടര്‍ ബ്രോ’
|ആര് എപ്പൊ അഭയാര്‍ഥിയാകുമെന്ന് പറയാനാവില്ല. ഐ.എ.എസ് ഓഫീസറായ ഹരികിഷോര്‍ തന്റെ വീടുവിട്ടിറങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ ഐഎഎസ്.
''കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ, ആര് എപ്പൊ അഭയാർത്ഥിയാവുമെന്ന് പറയാൻ പറ്റില്ലെന്ന്. താഴെ കാണുന്ന ചിത്രത്തിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് കുടുംബസമേതം അഭയാർത്ഥിയായി ഇറങ്ങുന്നത് ഹരികിഷോർ, 2008 ബാച്ച് IAS ഓഫീസർ. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാർപ്പിച്ച ശേഷം ഹരി, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പോയി.'' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പേടിയോ നിരാശയോ അല്ല വേണ്ടതെന്നും, നമ്മുടെ മുന്നിൽ വന്ന പ്രശ്നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണിതെന്നും പ്രശാന്ത് നായര്‍ ഓര്‍മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ, ആര് എപ്പൊ അഭയാർത്ഥിയാവുമെന്ന് പറയാൻ പറ്റില്ലെന്ന്. താഴെ കാണുന്ന ചിത്രത്തിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് കുടുംബസമേതം അഭയാർത്ഥിയായി ഇറങ്ങുന്നത് ഹരികിഷോർ, 2008 ബാച്ച് IAS ഓഫീസർ. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാർപ്പിച്ച ശേഷം ഹരി, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പോയി.
കാലാവസ്ഥാപ്രവചനം കാണുക- തുടർന്നുള്ള ദിവസങ്ങളും മഴയാണ്. ഡാമുകളിൽ നിന്നുള്ള ഒഴുക്ക് ഇനിയും തുടരും. അതായത് കാര്യങ്ങൾ പെട്ടെന്ന് ശരിയാവില്ല. വെള്ളം ചിലയിടങ്ങളിൽ ഇനിയും കൂടും എന്നർത്ഥം. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് മഴ നിന്നാൽ പെട്ടെന്ന് കടലിലേക്കിറങ്ങിക്കോളും. ബീഹാറിലും മറ്റും കാണുന്ന പോലെ ആഴചകളോളം നമ്മൾ വെള്ളത്തിലാവില്ല. നമ്മൾ ഏതാനും ദിവസം പിടിച്ച് നിൽക്കണം.
ഹരിയെപ്പോലെ എത്രയോ പേർ ഒത്ത് പിടിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകൾ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ് സഹകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അവശ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഒന്നേയുള്ളൂ, നമ്മൾ കൂട്ടായി ഏതാനും ദിവസം പിടിച്ച് നിൽക്കണം.
പേടിയോ നിരാശയോ അല്ല വേണ്ടത്. നമ്മുടെ മുന്നിൽ വന്ന പ്രശ്നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണ്. ഈ അവസരം കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാൻസാണ്. ഇങ്ങനെ ഒരു ക്രൈസിസ് വരുമ്പോഴാണ് നമ്മളൊക്കെ എന്താണെന്ന് നമുക്ക് തന്നെ മനസ്സിലാവുക. Muralee ചേട്ടൻ പറഞ്ഞ പോലെ, നാളെ തിരിഞ്ഞ് നോക്കുമ്പോൾ ഈ ദുരന്തം നമ്മുടെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഒന്നാവട്ടെ. ത്യാഗങ്ങളും, കുറേ നഷ്ടങ്ങളും, പരസ്പരം ആശ്വസിപ്പിക്കലും, ഒത്ത്പിടിക്കലും അവസാനം ഈ വെള്ളം ഇറങ്ങി ജീവിതം തിരിച്ച് പിടിക്കുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ നടക്കാനും മലയാളിക്ക് പറ്റും. പറ്റണം.
Let this be our finest hour.
#Kerala_finest_hour
#KeralaFlood2018
#CompassionateKeralam