എസ്.ഹരീഷിന് പിന്തുണയുമായി ജന്മനാട്ടില്‍ പ്രതിരോധ കൂട്ടായ്മ
|മീശ നോവലിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ജന്മനാടായ നീണ്ടൂര്‍ പിന്തുണയുമായി എത്തിയത്
എഴുത്തുകാരന്‍ എസ്.ഹരീഷിന് പിന്തുണയുമായി ജന്മനാട്ടില്‍ പ്രതിരോധ കൂട്ടായ്മ. മീശ നോവലിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ജന്മനാടായ നീണ്ടൂര്‍ പിന്തുണയുമായി എത്തിയത്. ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം മലയാള നോവലില്‍ പുതിയ ഗതിമാറ്റം കുറിക്കുന്ന കൃതിയാണ് മീശയെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു.
മീശ എന്ന നോവലിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഹരീഷിന് പിന്തുണയുമായി ജന്മനാടായ നീണ്ടുരില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പിറന്ന നാടും പ്രബുദ്ധ കേരളവും ഹരീഷിനൊപ്പം എന്ന പേരിട്ട പരിപാടിയില്‍ കവി സച്ചിദാനന്ദന്‍,സുരേഷ് കുറുപ്പ് എം.എല്‍.എ, കെ.വേണു. എന്‍ മാധവന്‍കുട്ടി , സി.എല്‍ തോമസ് ,സണ്ണിഎം കപിക്കാട്,അയ്മനം ജോണ്‍, രേഖ രാജ് എന്നിങ്ങനെ സാമൂഹി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ആക്രമണത്തിന് പിറകിലുള്ള വികാരം നോവലില്‍ സവര്‍ണ്ണമേധാവിത്തം ഭയപ്പെടുന്ന കീഴാള ശബ്ദമുള്ളത് കൊണ്ടാണെന്നും ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം മലയാള നോവലില്‍ പുതിയ ഗതിമാറ്റം കുറിക്കുന്ന കൃതിയാണ് മീശയെന്നും കവി സച്ചിദാനന്ദന്‍ പറഞ്ഞു.
പ്രതിരോധ കൂട്ടായ്മയുടെ ഭാഗമായി ആവിഷ്കാര സ്വാതന്ത്ര്വവും സമകാലീന ഇന്ത്യയും എന്ന വിഷയത്തില്‍ സെമിനാറും നടന്നു. ഒപ്പം പ്രതിഷേധ വരയും കവിയരങ്ങും പാട്ടരങ്ങും ഉണ്ടായിരുന്നു. നീണ്ടുര്‍ പബ്ലിക്ക് ലൈബ്രറിയുടേയും നീണ്ടുര്‍ ജനകീയ സാംസ്കാരിക വേദിയുടേയും നേതൃത്വത്തിലായിരുന്നു പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്.