Kerala
പ്രളയക്കെടുതിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം;  ഇന്ന് 61 മരണം LIVE BLOG
Kerala

പ്രളയക്കെടുതിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം;  ഇന്ന് 61 മരണം LIVE BLOG

Web Desk
|
16 Aug 2018 5:33 PM GMT

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടി. പാലക്കാട് ഉരുള്‍പൊട്ടി 8 പേര്‍ മരിച്ചു.തൃശൂരും കോഴിക്കോടും ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും 4 പേര്‍ മരിച്ചു

ആലപ്പുഴയിൽ ഒരാൾ കൂടി മരിച്ചു

ആലപ്പുഴയിൽ ഒരാൾ കൂടി മരണപ്പെട്ടു. സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ചന്ദ്രൻ ആണ് മരിച്ചത്. രാവിലെ മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

പ്രധാനമന്ത്രി നാളെ കേരളത്തിലേക്ക്

പ്രളയക്കെടുതി നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നാളെ വൈകുന്നേരം കേരളത്തിലേക്ക് വരുന്നു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മറ്റന്നാൾ പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. ഇന്ന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയീയുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷമാകും പ്രധാനമന്ത്രി കേരളത്തിലേക്ക് തിരിക്കുക.

സ്വകാര്യ വാഹനങ്ങള്‍ ലഭ്യമാക്കണം

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്ര ചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സന്നദ്ധതയുളളവര്‍ താലൂക്ക്, കലക്ടറേറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകര(8547616301) കൊയിലാണ്ടി (8547616201), കോഴിക്കോട്,(8547616101) താമരശ്ശേരി (8547618455) താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റില്‍ 9446841194 (ജൂനിയര്‍ സൂപ്രണ്ട്), 8113900224 (ക്ലാര്‍ക്ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മുല്ലപ്പെരിയാർ ഡാം തകർന്നു എന്ന രീതിയിൽ വാട്സ്ആപ്പിൽ വ്യാജ സന്ദേശം പ്രചിരിപ്പിക്കുന്ന സാഹചര്യത്തിലാണിത്.

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസ് നിയമ നടപടിസ്വീകരിക്കുന്നതാണ്. ...

Posted by Kerala Police on Thursday, August 16, 2018
പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞൊഴുകി; ചാലക്കുടി ടൗണ്‍ വെള്ളത്തില്‍

പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ചാലക്കുടി ടൗണും വെള്ളത്തില്‍ മുങ്ങി. അപൂര്‍വ്വമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പുതുക്കാട് വരെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ചാലക്കുടി ഭാഗത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശത്തുനിന്ന് ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലാത്തവര്‍ ഉടന്‍ ഇവിടെ വിട്ട് പോകണനമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം

പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടിയന്തര സഹായങ്ങൾക്ക് 1077 ൽ ബന്ധപ്പെടേണ്ടതാണ്.

ഡാമുകൾ സുരക്ഷിതം

സംസ്ഥാനത്തെ ഡാമുകൾ സുരക്ഷിതമാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മുല്ലപെരിയാർ എന്നല്ല കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്...

Posted by MM Mani on Thursday, August 16, 2018
നെടുമ്പാശേരി വിമാനത്താവളം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി

നെടുമ്പാശേരി വിമാനത്താവളം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. സോളാർ പാനലുകൾ മുഴുവനും വെള്ളത്തിനടിയിലാണ്.

കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾ പൊട്ടി

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും ഉരുൾ പൊട്ടി. ഇന്ന് മൂന്നാം തവണയാണ് ഇവിടെ ഉരുൾ പൊട്ടുന്നത്. ഇന്ന് മാത്രം എട്ടിടങ്ങളിൽ ഉരുൾ പൊട്ടി. മലയോര മേഖലയിൽ ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുന്നു. നേരത്തെ ഉരുൾ പൊട്ടലുണ്ടായതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമൊന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു.

കൊച്ചി കായലിൽ ജലനിരപ്പുയരുന്നു.

കൊച്ചി കായലിൽ ജലനിരപ്പുയരുന്നു. ജില്ലയിൽ ശക്തമായ മഴ.

കൊല്ലത്ത് മലയോര മേഖലയില്‍ ശക്തമായ കാറ്റ്

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റു വീശി. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. പത്തനാപുരം, പുല്ലൂർ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാറ്റു തുടരാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ചാലക്കുടി പുഴയുടെയും കൈവഴികളുടെയും തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം
Posted by Chief Minister's Office, Kerala on Thursday, August 16, 2018
2 ലൈന്‍മാന്‍മാര്‍ ഷോക്കേറ്റ് മരിച്ചു; പ്രളയക്കെടുതിയില്‍ ഇന്ന് 58 മരണം

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് രണ്ട് ലൈന്‍മാന്‍മാര്‍ മരിച്ചു. പാലക്കാട്, കാസര്‍കോട് ജില്ലകളിലായാണ് രണ്ട് പേര്‍ മരണപ്പെട്ടത്. പാല‌ക്കാട് അയ്യപ്പുറം സ്വദേശി രഘുനാഥന്‍, കാസര്‍കോട് നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഷണ്‍മുഖന്‍(55) എന്നിവരാണ് മരിച്ചത്. ഷണ്‍മുഖന് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ആലപ്പുഴ ചേര്‍ത്തല താലൂക്കില്‍ മത്സ്യബന്ധനത്തിന് പോയ ഒരാളും ഇന്ന് മരണപ്പെട്ടു. മുഹമ്മ പൊന്നാട്ടുചിറ ഹരിഹരന്‍(62) ആണ് മരിച്ചത്. ഇതോടെ പ്രളയക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 58 ആയി.

രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
ഓണാവധി പുനക്രമീകരിച്ചു; സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29ന് തുറക്കുന്നതുമായിരിക്കും.

നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടും

നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടാൻ തീരുമാനം. മഴ ശക്തി പ്രാപിക്കുകയും പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടുകയും ചെയ്തതിനാൽ വെള്ളം കൂടുതൽ ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് എറണാകുളം ജില്ലാ കടന്നുപോകുന്നത്.

വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ നടപടി കൈകൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി

വൈദ്യുതി തടസ്സങ്ങൾ ഉണ്ടായത് പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ്...

Posted by Pinarayi Vijayan on Thursday, August 16, 2018
ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറുന്നു
മഴക്കെടുതി സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോകേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. എറണാകുളം - ഷൊര്‍ണൂര്‍ - പാലക്കാട് റൂട്ടിലും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. അതേ സമയം ആലപ്പുഴ വഴി എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ നിയന്ത്രിത സര്‍വീസ് ഉണ്ടാകും.

മദ്യത്തിന്റെ എക്സൈസ് തീരുവ കൂട്ടാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കേരളം നേരിടുന്ന അതിഗുരുതരമായ വെള്ളപ്പൊക്കം നേരിടുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിന് മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനം. നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമാകാത്ത സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയിലെത്തിയത്.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് നീക്കം. ഇങ്ങനെ സമാഹരിക്കുന്ന തുക പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കും എന്ന ഉപാധിയോടെയാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള വെള്ളപ്പൊക്ക കെടുതികളുടെ കണക്കു പ്രകാരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുത്ത കെടുതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വേണ്ടിവരുന്ന തുക വളരെയധികം വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങുന്നത്.

Posted by Chief Minister's Office, Kerala on Thursday, August 16, 2018
ഓപ്പറേഷൻ മദദ്: രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണ്. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സേനകൾ സംസ്ഥാനത്ത്...

Posted by Pinarayi Vijayan on Thursday, August 16, 2018
സംസ്ഥാനത്തു ഗുരുതര സ്ഥിതിവിശേഷം; ആശങ്കപ്പെടാതെ മുന്നറിയിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങൾ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണം. 29 മുതലുള്ള...

Posted by Pinarayi Vijayan on Thursday, August 16, 2018
കോഴിക്കോട് മഴ ശക്തമാകുന്നു

കോഴിക്കോട് പലയിടത്തും മഴ ശക്തമായിരിക്കുകയാണ്. ചെറുപ്പയിലെ തെങ്ങിലക്കടവിൽ വെള്ളം കയറിയിരിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും ആളുകൾ ഒഴിഞ്ഞുപോകാൻ കൂട്ടാക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ണിപ്പുറം, ഊർക്കടവ്, തയ്യിലക്കടവ് തുടങ്ങിയ സ്ഥലങ്ങളൊക്കെ വെള്ളത്തിനടിയിലാണ്.

എറണാകുളത്ത് പ്രളയം രൂക്ഷം; ആലുവ വെള്ളത്തില്‍ മുങ്ങി

എറണാകുളം ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. ആലുവ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ആലുവ തൃശൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ആലുവ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. മെട്രോയും നിര്‍ത്തി.

തൃശൂര്‍ കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14മരണം

തൃശൂരില്‍ വിവധയിടങ്ങളിലായി 18 പേര്‍ മരിച്ചു. കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശ‌യമുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മറ്റു നാല് പേര്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ മരിച്ചവരാണ്.

മുല്ലപ്പെരിയാര്‍: ഡിസാസ്റ്റര്‍ മാനേജ്മെന്റ്- ദേശീയ ക്രൈസിസ് മാനേജ്മെന്റ് യോഗം ചേരണമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയും ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും യോഗം ചേരണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. മാറ്റിപാര്‍പ്പിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സപ്രീംകോടതി അറിയിച്ചു.

പെരിയാറിലും ചാലക്കുടിയിലും വീണ്ടും ജലനിരപ്പ് ഉയരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് വീണ്ടും ഉയരുമെന്നും ഈ പ്രദേശത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ സ്ഥിതി ആതീവ ഗുരുതരമായി തുടരുകയാണെന്നും, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കേന്ദ്രസംഘം രക്ഷാപ്രവര്‍ത്തനത്തിനായി എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ ഇന്നും നാളെയും കൂടി കനത്ത മഴ തുടര്‍ന്നേക്കും

കേരളത്തില്‍ ഇന്നും നാളെയും കൂടി കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂര്‍ കാറ്റിന് സാധ്യതയുണ്ട്.

ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം ഒഡീഷയില്‍ നിന്നും ഛത്തീസ്ഗഢ് വിദര്‍ഭ മേഖലയിലേക്ക് നീങ്ങിയെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ സതീ ദേവി പറഞ്ഞു. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കില്ല

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി. ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴ്ത്താന്‍ പറ്റില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഇനിയും ഉയരും; ജാഗ്രതാനിര്‍ദേശം

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഇനിയും ഉയരും. ചാലക്കുടിയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണം. ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിയണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Posted by Chief Minister's Office, Kerala on Thursday, August 16, 2018
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്.

തൃശൂരില്‍ അഞ്ച് മരണം

തൃശൂരില്‍ ശക്തമായ മഴ തുടരുന്നു. ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നൂറുകണക്കിന് പേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ 5 പേര്‍ മരിച്ചു. ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. നഗര പ്രദേശങ്ങളും വെള്ളത്തിലാണ്

മലപ്പുറത്ത് 13 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍; നാല് മരണം

മലപ്പുറം ജില്ലയില്‍ ഇന്ന് 13 ഇടങ്ങളിലായുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു, അഞ്ച് പേരെ കാണാതായി. ചാലിയാര്‍, കടലുണ്ടി പുഴകള്‍ കരകവിഞ്ഞതിനാല്‍ പൊന്നാനി, കുറ്റിപ്പുറം, വാഴക്കാട് എന്നിവിടങ്ങളിലെ വീടുകളെല്ലാം വെള്ളത്തിനടിയിലാണ്. ജില്ലയില്‍ ആയിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

കണ്ണൂരില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍

കണ്ണൂര്‍ കൊട്ടിയൂരില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. അമ്പായത്തോട്, നെല്ലിയോടി, ചപ്പമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊട്ടിയൂര്‍- തലശ്ശേരി റോഡില്‍ ഗതാഗതം നിലച്ചു. 100ലധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ ഒരാൾ മരിച്ചു.

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റാന്നിയിലെ ജലനിരപ്പ് താഴ്ന്നു. ആറന്മുള, കോഴഞ്ചേരി ഭാഗത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് വീടുകളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നത്. അപ്പര്‍ കുട്ടനാട് മേഖലകളില്‍ നിന്ന് ആളുകളെ മാററിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രളയക്കെടുതിയില്‍ ഇന്ന് മരണം 22 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടി. പാലക്കാട് നെന്‍മാറ അലുവാശ്ശേരിയില്‍ ഉരുള്‍പൊട്ടി 8 പേര്‍ മരിച്ചു. തൃശൂരും കോഴിക്കോടും ഉരുള്‍പ്പൊട്ടിയും മണ്ണിടിഞ്ഞും മരിച്ചത് 4 പേരാണ്. മലപ്പുറം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് മറ്റ് മരണങ്ങള്‍. ഇതോടെ ഇന്ന് മാത്രം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 22 പേരാണ്.

സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇനിയും വെള്ളം കയറും. ആലുവയില്‍ ഒരു മീറ്റര്‍ കൂടി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ വെള്ളം കയറിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ കൂടി മാറണം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം

Posted by Chief Minister's Office, Kerala on Wednesday, August 15, 2018
കുതിരാന്‍ മല ഇടിഞ്ഞു
പത്തനംതിട്ടയില്‍ നിന്ന് രക്ഷിച്ച 20 പേരെ തിരുവനന്തപുരത്ത് എത്തിച്ചു

പത്തനംതിട്ടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ നിന്ന് രക്ഷപ്പെടുത്തിയ 20 പേരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ചാല ബോയ്സ് സ്കൂളിലെ ക്യാംപിലേക്ക് മാറ്റി. ഇതില്‍ 16 പേര്‍ ഇതര സംസ്ഥാനക്കാരാണ്.

പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരുടെ വിവരങ്ങള്‍ പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍...

Posted by Chief Minister's Office, Kerala on Wednesday, August 15, 2018
മഴക്കെടുതിയില്‍ ഇന്ന് മരണം 20 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇന്ന് ഇതുവരെ 20 പേര്‍ മരിച്ചു. സംസ്ഥാനത്തെ കാലവര്‍‌ഷക്കെടുതി ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി‍. സംസ്ഥാനത്തെ സ്ഥിതിയില്‍ മാറ്റമില്ല.

പത്തനംതിട്ടയില്‍ ഹെലികോപ്റ്ററെത്തി

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററെത്തി

പാലക്കാട് ഇന്ന് മരണം ഏഴായി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇന്ന് ഇതുവരെ 18 പേര്‍ മരിച്ചു. പാലക്കാട് ജില്ലയില്‍ പലയിടങ്ങളിലും വ്യാപക ഉരുള്‍പൊട്ടലുണ്ടായി. നെന്‍മാറ അലുവാശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട്, മയിലാംപാടം എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ആനമുളി ചെക് പോസ്റ്റ് അടച്ചു. കരടിമലയില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.

ചാലക്കുടിയില്‍ മുന്നൂറിലധികം പേര്‍ വീടുകളില്‍ കുടുങ്ങി

തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാം നിറഞ്ഞുകവിഞ്ഞു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിയില്‍ മുന്നൂറിലധികം പേര്‍ വീടുകളില്‍ കുടുങ്ങി. ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കൊച്ചിയിലെത്തിക്കാനാണ് നീക്കം.

കോഴിക്കോട് നാല് മരണം

കോഴിക്കോട് കനത്ത മഴ തുടരുന്നു. കക്കാടംപൊയില്‍, നാദാപുരം വിലങ്ങാട്, മുക്കം, കൂമ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കൂമ്പാറയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. തയ്യില്‍ തൊടിയില്‍ പ്രകാശന്‍, മകന്‍ പ്രവീണ്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഊര്‍ക്കടവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ഇഷാന, തന്‍ഹ ഫാത്തിമ എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് - ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മലപ്പുറത്ത് നാലിടത്ത് ഉരുള്‍പൊട്ടി; രണ്ട് പേര്‍ മണ്ണിനടിയില്‍

മലപ്പുറം എടവണ്ണപ്പാറ പടിഞ്ഞാറേ ചാത്തല്ലൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ഒരാള്‍ മരിച്ചു. മലപ്പുറം ഊര്‍ക്കടവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പാലക്കാട് നാല് മരണം

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടി നാല് പേര്‍ മരിച്ചു. പാലക്കാട് ആലത്തൂരില്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. 300ലധികം കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ആളിയാര്‍ ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 11 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്ററില്‍ നിന്ന് 20 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തും.

കോട്ടയത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് നാല് മരണം

കോട്ടയം തീക്കോയ് വെണ്ണിക്കുളത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. കൊട്ടാരിക്കല്‍ വീട്ടിലെ ടിന്റു, അല്‍ഫോന്‍സ, മോളി, റോസമ്മ എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ജോമോന്‍ എന്നയാളുടെ നില ഗുരുതരമാണ്. ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ദുരന്തം.

കോഴിക്കോട് കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടി ഒരു മരണം

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍ ഉരുള്‍പൊട്ടി ഒരു മരണം. തയ്യില്‍ തൊടിയില്‍ പ്രകാശന്റെ മകന്‍ പ്രവീണ്‍ ആണ് മരിച്ചത്. പനക്കച്ചാല്‍മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പെട്ട ഇവരുടെ വീട് ഒലിച്ചുപോയി. പൂമ്പാറ കക്കാടംപൊയില്‍ റൂട്ടിലും ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ആളപായമില്ല.

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളും ഹെലികോപ്റ്ററും

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയില്‍ മലയോര പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. റാന്നിയില്‍ മാത്രം നൂറിലധികം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. കോഴഞ്ചേരി, ആറന്‍മുള, തിരുവല്ല ഭാഗങ്ങളില്‍ പമ്പയാറ് കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. ആറന്മുള എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ട്. 30ലധികം ബോട്ടുകളാണ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. നീണ്ടകരയില്‍ നിന്നുള്ള 10 വലിയ ഫിഷിംഗ് ബോട്ടുകളും ജില്ലയില്‍ എത്തിക്കഴിഞ്ഞു. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും.

ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

റെയില്‍ പാളങ്ങളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളം - ചാലക്കുടി വഴി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. റോഡ് വഴിയുള്ള ഗതാഗതവും സ്തംഭിച്ച നിലയിലാണ്.

60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത

കേരളത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത. 48 മണിക്കൂര്‍ കൂടി ഇതേ അളവില്‍ മഴ തുടരും.

Similar Posts