Kerala
തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
Kerala

തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

Web Desk
|
16 Aug 2018 9:11 AM GMT

ആലുവ - തൃശൂര്‍ റൂട്ടിലും ചെങ്ങന്നൂര്‍ - തിരുവല്ല റൂട്ടിലും പാളത്തില്‍ വെള്ളം കയറിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു.

വെള്ളപ്പൊക്കവും കനത്ത മഴയും ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ആലുവ - തൃശൂര്‍ റൂട്ടിലും ചെങ്ങന്നൂര്‍ - തിരുവല്ല റൂട്ടിലും പാലത്തില്‍ വെള്ളം കയറിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു. കേരളത്തിന് പുറത്തേക്കുള്ള ട്രെയിനുകള്‍ നാഗര്‍കോവില്‍ റൂട്ടിലേക്ക് തിരിച്ചു വിട്ടു.

ഇന്നലെ രാത്രി ആലുവ റെയില്‍വെ പാളത്തില്‍ വെള്ള കയറിയതോടെയാണ് ആലുവ - തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകള്‍ എറണാകുളത്തും കോഴിക്കോട് ഭാഗത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകള്‍ ഷൊര്‍ണൂരും സര്‍വീസ് അവസാനിപ്പിച്ചു. രാവിലെ ആയതോടെ ആലുവ - തൃശൂര്‍ റൂട്ടില്‍ അഞ്ച് പാലങ്ങള്‍ വെള്ളത്തിലായി. ചെങ്ങന്നൂര്‍ തിരുവല്ല റൂട്ടിലെ ഒരു പാലത്തിലും വെള്ളം കയറി. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചു.

ഇതിനിടെ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ നാഗര്‍കോവില്‍ റൂട്ടിലെ ഇരണിയലില്‍ മണ്ണുമാറ്റി ഗതാഗതത്തിന് യോഗ്യമാക്കി. ഇതോടെ കേരളത്തിന് പുറത്തേക്കുള്ള ട്രെയിനുകള്‍ നാഗര്‍കോവില്‍ തിരുനല്‍വേലി റൂട്ടിലൂടെ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ശബരി, കേരള, മുംബൈ, നേത്രാവതി എക്സ്പ്രസുകള്‍ നാഗര്‍കോവില്‍ റൂട്ടിലൂടെ തിരിച്ചുവിട്ടു.

Similar Posts