കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്ന് മുഖ്യമന്ത്രി
|ശക്തമായ ഒഴുക്കാണ് ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതെന്നും ഇത് മറികടക്കാനായി പരമാവധി സേനയുടെ ബോട്ടുകള്‍ അടക്കം എത്തിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രളയക്കെടുതി കൂടുതലായി അഭിമുഖീകരിക്കുന്ന ചെങ്ങന്നൂരും ചാലക്കുടിയും കേന്ദ്രീകരിച്ചായിരിക്കും നാളെ മുതല്‍ രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി. ശക്തമായ ഒഴുക്കാണ് ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതെന്നും ഇത് മറികടക്കാനായി പരമാവധി സേനയുടെ ബോട്ടുകള്‍ അടക്കം എത്തിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയക്കെടുതികള്‍ വിലയിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിവ്യുവിന്റെ ഭാഗമായി റവന്യു സെക്രട്ടറി പിഎച്ച് കുര്യനെ ശാസിച്ചുവെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. പൊതുവിലുള്ള വിവരങ്ങളുടെ അവലോകനമാണ് നടന്നതെന്നും വ്യക്തിപരമായ ശാസന നടന്നിട്ടില്ലെന്നും പിണറായി വിജയന് പറഞ്ഞു.
Posted by Pinarayi Vijayan on Friday, August 17, 2018
മെയ് 29ന് പേമാരി ആരംഭിച്ചതു മുതല്‍ ആഗസ്ത് 17 രാവിലെ വരെ സംസ്ഥാനത്ത് 324 പേര് മരിച്ചു. സംസ്ഥാനത്ത് 70,055 കുടുംബങ്ങളിലെ 3,14,391 പേര് 2094 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നുണ്ട്. ക്യാമ്പുകളിലെ എല്ലാവര്ക്കും ഭക്ഷണവും വെള്ളവും മരുന്നു ലഭ്യമാക്കുന്നുണ്ട്. 40000 പൊലീസുകാര്‍ക്കും 3200 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നാവികസേന (46 സംഘം) വ്യോമസേന (13 സംഘം) ആര്‍മി (18 സംഘം) കോസ്റ്റ് ഗാര്‍ഡ് (16 സംഘം) എന്‍ഡിആര്‍എഫ് (21 സംഘം) എന്നിവരും രക്ഷാപ്രവര്‍ത്തനം നടത്തി. എയര്‍ഫോഴ്സിന്റെ 16 ഹെലിക്കോപ്റ്ററുകളും എന്‍ഡിആര്‍എഫിന്റെ 76 ബോട്ടുകളും മത്സ്യതൊഴിലാളികളുടെ 40396 ബോട്ടുകളും ഇന്ന് രക്ഷാപ്രവര്‍ത്തത്തിന് ഉപയോഗിച്ചു.
ചാലക്കുടി ചെങ്ങന്നൂര്‍ മേഖലയില്‍ കൂടുതല്‍ പ്രശ്നമുള്ളതിനാല്‍ അവിടെകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. സേനയുടെ 12 വലിയ ബോട്ടുകള്‍ നാളെ ചാലക്കുടിയിലെത്തും. കാലടി(അഞ്ച്). ചെങ്ങന്നൂര്‍(15) തിരുവല്ല(10) എന്നിവിടങ്ങളിലും സേനയുടെ ബോട്ടുകള്‍ നാളെ രാവിലെ ആറ് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനുണ്ടാകും. ഇന്ന് രാത്രി വിമാനമാര്‍ഗ്ഗം കൂടുതല്‍ ആര്‍മി ബോട്ടുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും എത്തും. ചാലക്കുടിക്കും ചെങ്ങന്നൂര്‍ക്കും നാല് ഹെലികോപ്റ്ററുകള്‍ വീതം അധികമായി എത്തും.
അതിശക്തമായ ഒഴുക്കുള്ളതിനാല്‍ ചാലക്കുടിയിലും ചെങ്ങന്നൂരും രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ക്യാമ്പുകളിലുള്ളവര്‍ക്കും ഹെലിക്കോപ്റ്ററുകള്വഴിയും ബോട്ടുകള്‍ വഴിയും ഭക്ഷണവിതരണം നടത്തുന്നുണ്ട്. മറ്റു പല സംസ്ഥാനങ്ങളും സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പാക്ക് ചെയ്ത ഭക്ഷണം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി 10 കോടി രൂപയും മറ്റാവശ്യമായ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 1.5 ലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ റെയില്‍വേ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നെടുമ്പാശേരിക്ക് പകരം കൊച്ചി നാവിക വിമാനത്താവളം ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. ചെറുവിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാകും. വിമാനകമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള പരമാവധി നിരക്ക് 10000 ആയിരിക്കും. അതിനനുസരിച്ച് മറ്റ് പ്രദേശങ്ങളിലേക്കുള്ള നിരക്കുകളും പുനക്രമീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.