Kerala
തൃശൂരില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു
Kerala

തൃശൂരില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

Web Desk
|
19 Aug 2018 3:00 PM GMT

മാളയുടെ സമീപ പ്രദേശങ്ങളായ കുണ്ടൂര്‍, കുഴൂര്‍ പൂവത്തുശ്ശേരി എന്നിവിടങ്ങളിലെ നിരവധി പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ആയിരങ്ങളാണ് ഈ മേഖലയില്‍ കുടുങ്ങി പോയിരുന്നത്.

തൃശൂര്‍ ജില്ലയില്‍ മഴക്കെടുതിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മാള മേഖലയില്‍ ഇന്ന് മുപ്പതംഗ മുങ്ങല്‍ വിദഗ്ധര്‍ കൂടി രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. മഴക്കെടുതിയില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി രണ്ട് ലക്ഷത്തിലധികം പേരുണ്ട്.

മാളയുടെ സമീപ പ്രദേശങ്ങളായ കുണ്ടൂര്‍, കുഴൂര്‍ പൂവത്തുശ്ശേരി എന്നിവിടങ്ങളിലെ നിരവധി പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ആയിരങ്ങളാണ് ഈ മേഖലയില്‍ കുടുങ്ങി പോയിരുന്നത്. ഇവരില്‍ ഭൂരിഭാഗത്തെയും ഇന്നലെ രക്ഷപ്പെടുത്തി. എന്നാല്‍ കുറെ പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.

പല വീടുകളും വെള്ളത്തിനടിയിലായതിനാല്‍ ആരൊക്കെ രക്ഷപ്പെട്ടു ആരൊക്കെ കുടുങ്ങി എന്നതിന് നിശ്ചയില്ല. ദുരിതാശ്വാസ ക്യാംപുകളിലുള്ളവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി ശേഖരിച്ച ശേഷം മാത്രമെ കാണാതായവര്‍ ആരൊക്കെയെന്ന് വ്യക്തമാവുകയുള്ളു. കൊടുങ്ങല്ലൂര്‍, ചാവക്കാട് മേഖലകളിലെ ചിലരെക്കുറിച്ചും വിവരമില്ല.

ജില്ലയുടെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖകളിലെ പല പ്രദേശങ്ങളും ഇപ്പോഴും പൂര്‍ണ്ണമായും വെളളത്തിലാണ്. കരുവന്നൂര്‍ പുഴ വഴി മാറി ഒഴുകി. മനക്കൊടി, പുള്ള്, ആറാട്ടു പുഴ, കാഞ്ഞാണി തുടങ്ങിയ മേഖലകളില്‍ വെള്ളം കയറി. കനോലി കനാല്‍ കര കവിഞ്ഞതാണ് മതിലകം, കയ്പ മംഗലം തുടങ്ങിയ തീരദേശ മേഖലകളെ ദുരിത്തിലാക്കിയത്. വെള്ളക്കെട്ടുകള്‍ ഉള്ളതിനാല്‍ ജില്ലയില്‍ ഗതാഗതം ഭാഗികമായി മാത്രമെ പുനസ്ഥാപിക്കാനായിട്ടുള്ളു.

ഇന്ധന വില്‍പ്പനക്ക് നിയന്ത്രണമുള്ളതിനാല്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പാളത്തിന് തകരാറ് സംഭവിച്ചതിനാല്‍ റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.

Similar Posts