മഴ കുറഞ്ഞെങ്കിലും ഇടുക്കിയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല
|മൂന്നാര്‍ , ദേവികുളം, മറയൂര്‍ മേഖലകള്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്
ഇടുക്കി ജില്ലയിലെ മഴയില്‍ കാര്യമായ കുറവുണ്ടായെങ്കിലും ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണ്. മൂന്നാര്‍ , ദേവികുളം, മറയൂര്‍ മേഖലകള്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയിലെ 80 ശതമാനം റോഡുകളും തകര്‍ന്നു. ദുരിതാശ്വാസ കാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തുക്കുന്നതിലും പ്രയാസം നേരിടുന്നുണ്ട്. ജില്ലയില്‍ ഇന്ധനക്ഷാമവും രൂക്ഷമാണ്.
മഴയൊഴിഞ്ഞ ആശ്വാസത്തിലേക്ക് കേരളം മടങ്ങുമ്പോഴും ഇടുക്കിയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാവുകയാണ്. ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് പല പ്രദേശങ്ങളും. നേര്യമംഗംലം മുതല്‍ മൂന്നാര്‍ വരെ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. സംസ്ഥാന ദേശീയപാതകളില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുന്നേയില്ല.
ദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ആവുന്നില്ല. ഒറ്റപ്പെട്ട് പോയ മൂന്നാര്‍, മറയൂര്‍ മേഖലകളിലേക്ക് തമിഴ്നാട്ടില്‍നിന്ന് സന്നദ്ധ സംഘടനകള് ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. ഇന്ധന ക്ഷാമം ഗതാഗത്തെ മാത്രമല്ല, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകുന്നു. മണ്ണു നീക്കാന്‍ പോലും ജെസിബികള്‍ക്ക് ഇന്ധനം ലഭിക്കുന്നില്ല.
5 താലൂക്കുകളായി 211 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. ഇതില് 33,636 പേരുണ്ട്. ദേവികുളത്ത് മാത്രം 53 ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. ഇടുക്കി, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഡാമുകളില്‍ ജലനിരപ്പ് കുറയുകയാണ്. ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ ചെറുതോണിയില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 8 സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി. ഇടുക്കി താലൂക്കില്‍ റോഡുകള്‍ മുഴുവന്‍ തകര്‍ന്നതിനാല്‍ ചെറുതോണിയിലേക്ക് ആളുകള്‍ക്ക് എത്താന്‍ സാധിക്കുന്നില്ല. ഉരുള്‍ പൊട്ടലില്‍ കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.