പ്രളയം നാശം വിതച്ച കണ്ണപ്പന്‍കുണ്ടിന് പുതുജീവന്‍ നല്‍കാന്‍ ഒരു നാട് കൈ കോര്‍ത്തപ്പോള്‍
|നൂറു കണക്കിന് ആളുകള്‍ വീടുകളും പരിസര പ്രദേശങ്ങളും വൃത്തിയാക്കാനായി കണ്ണപ്പന്‍കുണ്ടിലേക്ക് ഒഴുകിയെത്തി
ഉരുള്‍ പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാട് കൈ കോര്‍ത്തു. നൂറു കണക്കിന് ആളുകള്‍ വീടുകളും പരിസര പ്രദേശങ്ങളും വൃത്തിയാക്കാനായി കണ്ണപ്പന്‍കുണ്ടിലേക്ക് ഒഴുകിയെത്തി. പത്ത് ദിവസമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരുടെ തിരിച്ചു വരവിനു വേണ്ടിയാണ് നാട് ഒരുമിച്ചത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയ ജീവിതങ്ങള്‍...വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പറിച്ച് മാറ്റപ്പെട്ടവര്‍ക്ക് തിരിച്ചെത്താനായിരുന്നു ഈ ഉദ്യമം. നൂറു കണക്കിന് വീടുകള്‍ ചെളി നിറഞ്ഞ് വാസ യോഗ്യമല്ലാതായി മാറിയിരുന്നു. വെള്ളം ഇറങ്ങിയെങ്കിലും ചെളിയും മാലിന്യവുമൊക്കെ നിറഞ്ഞ് ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് നാട് ഇവര്‍ക്കായി ഒരുമിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് എഴുനൂറിലധികം ആളുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണപ്പന്‍ കുണ്ടിലെത്തി.
ഇലക്ട്രീഷ്യന്‍മാരുടെ സംഘം കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കൊപ്പം വീടുകളിലെ വയറിംഗ് തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി ലഭ്യമാക്കി. ഒലിച്ചു പോയ റോഡുകളില്‍ കല്ലുകള്‍ പതിച്ച് ഗതാഗത സൌകര്യവും ഒരുക്കി.ഇരുട്ടി വെളുത്തപ്പോഴേക്കും എല്ലാം നഷ്ടമായവര്‍ക്കൊപ്പം ഹൃദയം ചേര്‍ത്ത് വെച്ചാണ് ഇവരുടെ മടക്കം.