Kerala
പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കര്‍മ്മപദ്ധതിയുമായി ആരോഗ്യവകുപ്പ്
Kerala

പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കര്‍മ്മപദ്ധതിയുമായി ആരോഗ്യവകുപ്പ്

Web Desk
|
20 Aug 2018 1:42 PM GMT

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജനകീയപങ്കാളിത്തത്തോടെ ക്യാംപയിനായി മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി

പ്രളയബാധിത പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പിന്റെ കര്‍മപദ്ധതി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജനകീയപങ്കാളിത്തത്തോടെ ക്യാംപയിനായി മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുകയും മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുക എന്നതാണ് ആദ്യ പടി. ഇതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനാപ്രവര്‍ത്തകരും കുടുംബശ്രീ, ആരോഗ്യ സേന അംഗങ്ങളും നേതൃത്വം നല്‍കും. ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും ചെയ്യും. വാട്ടര്‍ അതോറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ക്ലോറിന്‍ ഗുളികകള്‍ വിതരണം ചെയ്യുകയും അതിന്റെ ഉപയോഗക്രമം വിശദീകരിക്കുകയും ചെയ്യും. ഒ.ആര്‍.എസ് ഡിപ്പോ ക്രമീകരിക്കും.

ജലജന്യരോഗം ഉള്ളവരില്‍ പ്രത്യേക പരിശോധന നടത്തി ചികിത്സ ഉറപ്പാക്കും. വാട്ടര്‍ അതോറ്റിയും ഭക്ഷ്യസുരക്ഷാവകുപ്പും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. എലിപ്പനി നിയന്ത്രണത്തിന് ഡോക്‌സിസൈക്ലിന്‍ പ്രതിരോധമരുന്ന് വിതരണം ചെയ്യും. അംഗനവാടികളിലെയും സ്‌കൂളുകളിലേയും ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കും. ഭക്ഷ്യയോഗ്യമല്ലാത്തവ സുരക്ഷിതമായി നശിപ്പിച്ച് പകരം ഭക്ഷ്യധാന്യമെത്തിക്കും. വെള്ളം കയറിയ വീടുകളിലെ ഭക്ഷ്യവസ്തുക്കളും ഇതുപോലെ പരിശോധനയ്ക്ക് വിധേയമാക്കും.

വളംകടി, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം സാഹചര്യത്തില്‍ ചികിത്സയും ബോധവത്കരണവും ഫലപ്രദമായി നടപ്പാക്കും.

കൊതുകുജന്യരോഗങ്ങള്‍ തടയാന്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കീടനാശിനി തളിക്കും. കൊതുകുള്ള പ്രദേശങ്ങളില്‍ ഫോഗിങ് നടത്തും. െ്രെഡഡേ ആചരിക്കും. മാലിന്യസംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കെതിരെ പഞ്ചായത്തീരാജ് നിയമമനുസരിച്ച് നിയമനടപടി സ്വീകരിക്കും.

അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. മരുന്നുകളും ചികിത്സാസാമഗ്രികളും ലഭ്യമാണെന്ന് ഉറപ്പാക്കും. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രോഗസ്ഥിരീകരണത്തിനുള്ള ലാബുകള്‍ കാര്യക്ഷമമാക്കുകയും ചെയ്യും. സഞ്ചരിക്കുന്ന ലാബുകള്‍ സജ്ജമാക്കും. അവധി ദിവസങ്ങളിലും ജീവനക്കാരുടെ സേവനം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Similar Posts