ദുരിതാശ്വാസ ക്യാമ്പുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറുന്നതായി പരാതി
|മഴക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായിരുന്നു ദുരിതാശ്വാസ ക്യാമ്പുകള്‍. മികച്ച രീതിയിലായിരുന്നു ഇത്തരം ക്യാമ്പുകളുടെ പ്രവര്‍ത്തനം. എന്നാല്‍ മഴമാറി വെള്ളം ഇറങ്ങിയതോടെ ചില ക്യാമ്പുകളില്‍ അനിഷ്ടസംഭവങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് ക്യാമ്പുകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കയ്യേറുന്നതായി പരാതി ഉയരുന്നത്.
വൈപ്പിന്‍ നായരമ്പലത്ത് ക്യാമ്പില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ സിപിഎം ഓഫീസിലേക്ക് മാറ്റാന്‍ ശ്രമം സംഘര്‍ഷത്തിന്റെ വക്കോളമെത്തിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവിടെ ശാന്തമാക്കിയത്.
കളമശ്ശേരി പോളിയില്‍ സന്നദ്ധ സംഘങ്ങളെ ആട്ടിയോടിച്ചുവെന്നാണ് മറ്റൊരു പരാതി. പാര്‍ട്ടിക്കാര്‍ നോക്കിക്കോളും എന്ന് പറഞ്ഞ് ഇവരെ പുറത്തേക്ക് പോകാന്‍ പറഞ്ഞുവെന്ന് ഒരംഗം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് 10 ജോടി ചെരുപ്പ് കൊടുത്തിട്ടും അത് പോരാ എന്ന് പറഞ്ഞ് ഹരിപ്പാട് കട ഉടമയെ ആക്രമിക്കുന്ന ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിരുന്നു.
ക്യാമ്പുകളിലേക്ക് ഭക്ഷണമേത്തിക്കുകയും സൌജന്യ യാത്ര സജ്ജീകരിക്കുകയും ചെയ്ത യുവാവിനെ അക്രമിച്ചെന്ന പരാതിയും ഉയര്‍ന്നു. പെരിഞ്ഞനം പഞ്ചായത്തിലെ മൂന്ന് പീടികയിൽ നടക്കുന്ന ദുരിതാശ്വാസ ക്യാംപിൽ ബാബാ അംബേദ്ക്കറുടെ പേരെഴുതിയ ഓട്ടോറിക്ഷയിൽ ഭക്ഷണം വിതരണം ചെയ്തിരുന്നവരെയാണ് ആക്രമിച്ചത്.
പന്തളം എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോകണമെന്ന് അടൂര്‍ തഹസില്‍ദാറുടെ ഉത്തരവ് വാര്‍ത്തയായിരുന്നു. ഉത്തരവ് നടപ്പാക്കിയാല്‍ ക്യാമ്പ് വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച് ദുരിതബാധിതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ സമ്മര്‍ദമാണ് ഉത്തരവിന് പിന്നിലെന്നും ദുരിത ബാധിതര്‍ ആരോപിച്ചിരുന്നു.