കോട്ടയത്ത് വെള്ളമിറങ്ങി തുടങ്ങി
|കുമരകം, തിരുവാർപ്പ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്നു. എന്നാൽ വേമ്പനാട്ട് കായലിൽ ജലനിരപ്പ് ഉയർന്നതോടെ വൈക്കം മേഖലയിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്
മഴ ശമിച്ചതോടെ കോട്ടയം ജില്ലയിലും വെള്ളമിറങ്ങിത്തുടങ്ങി. കുമരകം, തിരുവാർപ്പ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്നു. എന്നാൽ വേമ്പനാട്ട് കായലിൽ ജലനിരപ്പ് ഉയർന്നതോടെ വൈക്കം മേഖലയിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.
മാനം തെളിഞ്ഞതോടെ കോട്ടയം ജില്ലയും സാധാരണ ജീവിതത്തിലേക്ക് നീങ്ങുകയാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ നിരവധിയാളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിലവിൽ കുമരകം, കൈമനം, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളത്തിനടിയിൽ തുടരുന്നത്. താഴ്ന്ന പ്രദേശങ്ങളായതിനാൽ ഇവിടെ നിന്ന് വെള്ളമിറങ്ങാന്‍ സമയമെടുക്കും. എന്നാല്‍ വേമ്പനാട്ട് കായലിൽ നേരിയ തോതിൽ ജലമുയർന്നത് മൂലം വൈക്കം മേഖലയില്‍ വീടുകളിലേക്ക് വെള്ളം കയറി. കൂടുതൽ കുടുംബംങ്ങൾ ക്യാമ്പുകളിലേക്ക് മാറി. 429 ക്യാമ്പുകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ കഴിയുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം സജീവമാണ്. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇനി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.