പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിതരെ തേടി സഹായ പ്രവാഹം
|സേവന സന്നദ്ധരായ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളത്
പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിതരെ തേടി സഹായ പ്രവാഹം. അടൂര്‍ മാര്‍ത്തോമാ കണ്‍വെന്‍ഷന്‍ സെന്ററാണ് സാധന സാമഗ്രികളുടെ ജില്ലയിലെ പ്രധാന സംഭരണ കേന്ദ്രം. സേവന സന്നദ്ധരായ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളത്.
മാര്‍ത്തോമ സഭയുടെ യുവജന വിഭാഗത്തിലെ ചുരുക്കം ചിലരാണ് അടൂര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് ഇതര ക്രൈസ്തവ സഭകള്‍ക്ക് പുറമെ വിവിധ സംഘടനകളിലും സ്ഥാപനങ്ങളിലും ഉള്ളവര്‍ സേവന സന്നദ്ധരായി ഇങ്ങോട്ടേക്ക് പ്രവഹിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന ലോഡ് കണക്കിന് സാധനങ്ങള്‍ തരംതിരിച്ച് ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശാനുസരണമാണ് ഇവിടെ നിന്നും വിവിധ ക്യാമ്പുകളിലേക്ക് അയക്കുന്നത്.
പാക്കറ്റ് ഭക്ഷണത്തിന് പുറമെ ഇവിടെത്തന്നെ പാകപ്പെടുത്തിയ ഭക്ഷണവും വിവിധ ക്യാമ്പുകളിലേക്ക് അയക്കുന്നുണ്ട്. ഭക്ഷണവും മരുന്നും ഉറപ്പാക്കുന്നതിന് പുറമെ, ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവാനാണ് ഇവിടെയുള്ള വളണ്ടിയര്‍മാരുടെ തീരുമാനം.