Kerala
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍, ഒന്നിച്ച് നിന്ന് പ്രതിസന്ധി മറികടക്കുമെന്ന് മുഖ്യമന്ത്രി
Kerala

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍, ഒന്നിച്ച് നിന്ന് പ്രതിസന്ധി മറികടക്കുമെന്ന് മുഖ്യമന്ത്രി

Web Desk
|
20 Aug 2018 3:59 PM GMT

ഇപ്പോള്‍ 3244 ദുരിതാശ്വാസ ക്യാംപുകളിലായി 10,78,023 പേരാണ് ഉള്ളത്. ഇതുവരെ 210 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. പ്രളയദുരന്തത്തില്‍ നിന്നും ഇന്ന് 602 പേരെ രക്ഷപ്പെടുത്തി.

സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി. പ്രാഥമിക വിലയിരുത്തലില്‍ 20000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒരു പഞ്ചവത്സരപദ്ധതിക്ക് തുല്യമായ നിര്‍മ്മാണ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ് കേരളം ചെയ്യേണ്ടി വരുന്നതെന്നും ഈ പ്രതിസന്ധി നമുക്ക് മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രളയദുരന്തത്തില്‍ നിന്നും ഇന്ന് 602 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്ത് ഇപ്പോള്‍ 3244 ദുരിതാശ്വാസ ക്യാംപുകളിലായി 10,78,023 പേരാണ് ഉള്ളത്. ഇതില്‍ 1,01,491 കുട്ടികളും 2,12,735 സ്ത്രീകളുമുണ്ട്. അവസാനത്തെ ആളെ രക്ഷിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരും. ഇതുവരെ 210 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. 160 കോടിയുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്.

വീടുകളെ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. അതുവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടും. വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റ് നല്‍കും. വയറിംങ്, പ്ലംബിങ് ചെയ്യുന്നവരുടെ ആവശ്യമാണ്. ഇതിനായി അവരുടെ സംഘടനകളെ സമീപിച്ചിട്ടുണ്ട്. അവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സന്നദ്ധപ്രവര്‍ത്തകരുടെ പ്രാദേശിക തലത്തിലുള്ള പട്ടികകള്‍ https://keralarescue.in/ എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ധഡോക്ടര്‍മാരുടെ സംഘം വരുന്നുണ്ട്. ഇതിനൊപ്പം ഐഎംഎയുടെ സഹായവും തേടും.

നനഞ്ഞ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് നേരിട്ട് സഹായം നല്‍കരുത്. ക്യാമ്പുകളിലെ ചുമതലക്കാരെ സമീപിച്ച് ആവശ്യമായ സഹായം അവരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. നേരിട്ട് സഹായം നല്‍കണമെന്ന് പറഞ്ഞാല്‍ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ തെറ്റായ രീതിയില്‍ പണം സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വേണ്ടെന്ന് വെച്ചു. ആര്‍ഭാടകരമായ ചടങ്ങുകള്‍ ഒഴിവാക്കി തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ മത്സ്യതൊഴിലാളികളേയും 29ന് തിരുവനന്തപുരത്ത് വെച്ച് ആദരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മത്സ്യതൊഴിലാളികളെ തിരുവനന്തപുരത്തെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. യുവജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മോട്ടോര്‍ വാഹന തൊഴിലാളികളുടെ സേവനവും നിര്‍ണ്ണായകമായിരുന്നു. പ്രളയ ദുരിതകാലത്ത് ജോലിയില്ലാതെ കഴിയുന്ന സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.

എല്ലാ ക്യാമ്പുകളിലും അടുക്കള സജ്ജീകരിച്ച് ഭക്ഷണം പാചകം ചെയ്യണം. ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. 11 നഗരസഭകളിലും 70 പഞ്ചായത്തുകളിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി ഓരോ പഞ്ചായത്ത് വാര്‍ഡിനും 25000 രൂപയും നഗരസഭ വാര്‍ഡിന് 50000 രൂപയും വിതരണം ചെയ്യും. 26 ലക്ഷം ഉപയോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയിട്ടുണ്ട്. കണക്ഷന്‍ പുനസ്ഥാപിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കില്ല.

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ സാങ്കേതികമായുള്ള ചില പ്രശ്‌നങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമായ സഹായം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ നിലയില്‍ ആകെ നാശനഷ്ടം വിലയിരുത്തി നാശനഷ്ടത്തിന് തുല്യമായ സഹായം ലഭിക്കലാണ്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.

Similar Posts