മെട്രോ സൗജന്യ യാത്രയിലൂടെ ആലുവ വെള്ളപ്പൊക്കം കണ്ട് വരുന്നവര്‍, വസ്ത്രം വരുമ്പോള്‍ മുന്തിയത് സ്വന്തമാക്കുന്നവര്‍, ഭക്ഷണസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍; ക്യാമ്പുകളിലെ ചില ദു:ഖ സത്യങ്ങൾ പറയാതെ വയ്യ
|എന്തിനേറെ ഒഴുകി വന്ന ചരിഞ്ഞ ആനക്കുട്ടിയെ പിടിച്ചെടുത്തിട്ട് കേസാകുമെന്ന് ഭയന്ന് വിട്ടയച്ച സംഭവങ്ങൾ ക്യാമ്പിനുഷാറു പകരുന്നു
പ്രളയം കൊണ്ടുപോയത് പലരുടെയും ജീവനും ജീവിതങ്ങളുമാണ്. ഒരായുസ് കൊണ്ട് സമ്പാദിച്ചതു മുഴുവന്‍ ഒന്നു കണ്ണടച്ചു തുറക്കുന്നതിന് മുന്‍പേ ഒഴുകിപ്പോകുന്നതു കണ്ട് നിസ്സഹായരായി നോക്കിനിന്നവര്‍. കിടപ്പാടം നഷ്ടപ്പെട്ടവര്‍, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നവര്‍...ഇവരെ രക്ഷിക്കാനും ആശ്വസിപ്പിക്കാനും കേരളം ഒറ്റക്കെട്ടോടെ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ചിലര്‍ കഴുകന്‍ കണ്ണുകളോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും ദുംഖകരമായ കാര്യം. ക്യാമ്പുകളിലുള്ളവരുടെ ചിലരുടെ പെരുമാറ്റത്തെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും വിരല്‍ ചൂണ്ടുകയാണ് സീന ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പലരും ഐസിയുവില്‍ അഡ്മിറ്റായതു പോലെ നീണ്ടുനിവര്‍ന്നു കിടക്കുകയാണെന്നും സഹായം ദുരുപയോഗപ്പെടുത്തുകയാണെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ ഒരാഴ്ചയായി, കേരളം ഇന്നേവരെ കാണാത്ത പ്രകൃതി ദുരന്തമാണ് തൊട്ടറിഞ്ഞു കൊണ്ടിരിയ്ക്കുന്നത്. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടേയും സമയോചിതമായ ഇടപെടൽ മൂലം ദുരന്തത്തിന്റെ ആഘാതത്തെ ഏറെക്കുറെ ലഘൂകരിയ്ക്കാനായി...
വെള്ളം കേറിക്കൊണ്ടിരിക്കുന്നിടങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് അവരെ രക്ഷിയ്ക്കാനായി. ഇങ്ങനെ വളരെ അഭിനന്ദനാർഹമായ സേവനം നടത്തുന്നതിനിടയിൽ കണ്ണിൽക്കണ്ടതും, അനുഭവിച്ചറിഞ്ഞതുമായ ചില ദു:ഖ സത്യങ്ങൾ പറയാതെ വയ്യ...
കഴിഞ്ഞ നാലു ദിവസങ്ങളിൽ പലപല ക്യാമ്പുകളിൽ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും , ചോദിച്ചറിഞ്ഞും നിർവ്വഹിക്കുന്നു. ചില ക്യാമ്പുകളിൽ ഭക്ഷണം അതാതിടങ്ങളിൽ പാചകം ചെയ്യുന്നു. മറ്റിടങ്ങളിൽ പുറമെ നിന്നും പ്രളയബാധ അധികമേൽക്കാത്ത ജനങ്ങൾ ഒറ്റക്കെട്ടായി ഭക്ഷണമുണ്ടാക്കി നൽകുന്നു. നേരിൽ കണ്ട ക്യാമ്പുകളിലെ അന്തേവാസികൾ പരാതികളൊന്നുമില്ലാതെ മൂന്നും നാലും ദിവസം കഴിഞ്ഞു...
എന്നാൽ ക്യാമ്പുകളിലെത്തിയവരിൽ ആരോഗ്യ ദൃഢഗാത്രരായ അന്തേ വാസികളിൽ ഭൂരിപക്ഷവും ക്യാമ്പിലേയ്ക്ക് വേണ്ടുന്ന കാര്യങ്ങളിൽ ഒരു കൈ സഹായം ചെയ്യാതെ ICU വിൽ അഡ്മിറ്റാക്കിയതുപോലെ നീണ്ടു നിവർന്നു കിടക്കുന്നു. അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ കൊടിയ മഴയത്ത് പ്രദേശത്തെ DYFl, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലെ സ്ത്രീ പുരുഷ പ്രവർത്തകർ ഇവരുടെ മുന്നിലെത്തിച്ചു കൊടുക്കും. കഴിച്ച പാത്രങ്ങൾ പോലും പുറത്തേയ്ക്ക് കൊണ്ടുപോയിടാൻ മടിക്കുന്നവർ...
ചിലർ ദുരിതാശ്വാസ ക്യാമ്പുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ട് അപ്രത്യക്ഷമാകും. പിന്നെ ഇവരെ കാണുന്നത് തഹസിൽദാർമാരുടേയും മറ്റു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ പുതിയ വസ്ത്ര ക്കിറ്റ്, ദുരിതാശ്വാസ ഫണ്ട് ഇവ വിതരണം ചെയ്യുമ്പോൾ മുൻപന്തിയിൽ... വീണ്ടും അപ്രത്യക്ഷമാകും. ഇവർക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണം ബാക്കിയാവുന്നതു മെച്ചം...
മറ്റൊരു കൂട്ടർ ക്യാമ്പിനുള്ളിൽ നിന്നും പുറത്തേയ്ക്ക് പോയി അടിയൊഴുക്കോടെ രൗദ്രമായൊഴുകുന്ന പുഴയിലേയ്ക്ക് ചെറിയ വഞ്ചി തുഴഞ്ഞ് ഒഴുകി വരുന്ന അലമാര, വാർപ്പ്, ബിരിയാണി ചെമ്പ്, ഗ്യാസ് സിലിണ്ടർ ,വലിയ തടികൾ, പാത്രങ്ങൾ ഡ്രമ്മുകൾ തുടങ്ങി പല പല സാധനങ്ങൾ പിടിച്ചെടുത്ത് തങ്ങളുടെ മുങ്ങാറായ വീടിനുള്ളിൽ സുരക്ഷിതമാക്കുന്ന ജോലിയിൽ വ്യാപൃതരാകുന്നു. ജീവൻ നഷ്ടമാകുന്ന പ്രവർത്തി അരുതെന്ന് ശാസിച്ചാലും അവരെ ഇതൊന്നും ബാധിക്കില്ല. എന്തിനേറെ ഒഴുകി വന്ന ചരിഞ്ഞ ആനക്കുട്ടിയെ പിടിച്ചെടുത്തിട്ട് കേസാകുമെന്ന് ഭയന്ന് വിട്ടയച്ച സംഭവങ്ങൾ ക്യാമ്പിനുഷാറു പകരുന്നു. വേറൊരു വിഭാഗം, ക്യാമ്പുകളിൽ എത്തിയ്ക്കുന്ന തുണിത്തരങ്ങൾ വളരെ ആർത്തിയോടെ വാങ്ങി സൂക്ഷിയ്ക്കുന്നു. മൂന്നും നാലും പുതപ്പ് ,വിരി , പായ തുടങ്ങിയവ കരസ്ഥമാക്കി ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ പൂഴ്ത്തി വയ്ക്കുന്നു.
വ്യക്തി സംഭാവനകളുമായി ക്യാമ്പിലെത്തുന്നവരെ വളഞ്ഞ് അവർ കൊണ്ടു വരുന്ന തുണിത്തരങ്ങളാണെങ്കിൽ അതിൽ മുന്തിയത് കൈക്കലാക്കിയിട്ട് ഇത് ഞങ്ങളുടെ ആളാണെന്ന് സ്ഥാപിക്കുക കൂടി ചെയ്യും. ഇത്തരത്തിലുള്ള പ്രവർത്തികൾ കണ്ടു നിൽക്കുന്ന വോളണ്ടിയേഴ്സ്;" ഇതിലും ഭേദം മുങ്ങിപ്പോകുന്നതായിരുന്നുവെന്ന് " സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു കൂട്ടർ ക്യാമ്പിൽ നിന്നും വിശപ്പടക്കി കാണുന്ന വാഹനങ്ങളിൽ കേറി മെട്രോ സ്റ്റേഷനിലെത്തി സൗജന്യ യാത്രയിലൂടെ ആലുവ വെള്ളപ്പൊക്കം കണ്ട് തിരികെയെത്തിയുള്ള വീമ്പിളക്കൽ ക്യാമ്പിനെ കൊഴിപ്പിയ്ക്കുന്നു.
ഇനിയുമേറെയുണ്ട് പറയാൻ ... അതിലാന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് ചില സ്ഥാപനങ്ങൾ, ബ്രഡ്, പലവ്യഞ്ജനങ്ങൾ പോലുള്ള സാധനങ്ങൾ സൗജന്യമായി നൽകുന്നുവെന്നറിഞ്ഞ് അവിടെയെത്തി അതും വാങ്ങി സുരക്ഷിത കേന്ദ്രങ്ങളിലാക്കുന്നവരും ക്യാമ്പുകളിലുണ്ട്... സാധാരണ ഇത്തരത്തിലുള്ള ക്യാമ്പുകളിൽ ദുരിതദുരന്ത ഭീതിയോടെ മനുഷ്യൻ ഒന്നാകുന്ന സാഹചര്യങ്ങളാണുണ്ടാവുക; എന്നാൽ ഇവിടെ അങ്ങനെയുള്ള പ്രതീക്ഷകളൊക്കെ അസ്തമിക്കുന്ന നുഭവമാണുള്ളത്. ദുരന്തമധികമേൽക്കാത്തവരുടെ ക്യാമ്പുകളിലാണ് ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ. ഇവർ ദിവസവും വീടുകളിലെത്തി സ്ഥിതി വിശേഷങ്ങൾ അറിഞ്ഞ് തിരികെ ക്യാമ്പുകളിലെത്തി സ്വതസിദ്ധമായ ശൈലിയിൽ പെരുമാറുന്നു.
അത്യാർത്തിയും, സ്വാർത്ഥതയും ജാതിമതങ്ങൾ തമ്മിലുള്ള വിഭാഗീയതയുമെല്ലാം കാണുമ്പോൾ ഇത്രയും വലിയൊരു ദുരന്തത്തിൽ നിന്നും ഇവരൊന്നും മനസിലാക്കിയില്ലെയെന്നു സംശയം? ക്യാമ്പുകളിൽ അവശ്യസാധനങ്ങളെത്തിക്കുന്ന വാഹന ഡ്രൈവർമാർ അവർ എന്തോ ധീരകൃത്യം ചെയ്യുന്ന പോലെ വണ്ടി മുന്നോട്ടെടുത്ത് പിന്നോട്ട് നിരക്കി ചുറ്റും നിൽക്കുന്നവരെ ഒന്നു ഭയപ്പെടുത്തി നിർത്തി ഇതാ ഔദാര്യം എന്ന ഭാവത്തിൽ സാധനങ്ങൾ ഇറക്കുന്ന കാഴ്ചയും മറ്റൊരു ദുരന്തമാകുന്നു...
ഇത്രയും വലിയൊരു ദുരന്തത്തിന്റെ പേരിൽ ധാരാളം കള്ളനാണയങ്ങളും പങ്ക് പറ്റാൻ ഇറങ്ങി തിരിച്ചിട്ടുണ്ടെന്ന വിവരവും സൂചിപ്പിക്കുന്നു. കാരണം ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്താൽ സാമ്പത്തിക സഹായം ലഭിക്കുമെന്ന മെസേജ് വ്യാപകമായി പരന്നിട്ടുണ്ട്. അർഹരല്ലാത്തവർ നന്നായി മുതലെടുക്കുകയും ചെയ്യുന്നവെന്ന് സൂചിപ്പിക്കുന്നു. സന്മനസുള്ള മലയാളികളുടെയിടയിൽ "കൂതറകളുടെ " എണ്ണം പെരുകുന്നുണ്ടൊ എന്ന് സംശയം...
കഴിഞ്ഞ ഒരാഴ്ചയായി, കേരളം ഇന്നേവരെ കാണാത്ത പ്രകൃതി ദുരന്തമാണ് തൊട്ടറിഞ്ഞു കൊണ്ടിരിയ്ക്കുന്നത്. സർക്കാരിന്റേയും സന്നദ്ധ...
Posted by Seena Bhaskar on Saturday, August 18, 2018