Kerala
സര്‍ക്കാരിനെ വിമര്‍ശിക്കാത്തതിന് കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം 
Kerala

സര്‍ക്കാരിനെ വിമര്‍ശിക്കാത്തതിന് കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം 

Web Desk
|
21 Aug 2018 10:57 AM GMT

ഡാമുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് അഭിപ്രായമുയര്‍ന്നു.

പ്രളയ ദുരിതാശ്വാസത്തിലെ സര്‍ക്കാരിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് കെ.പി.സി.സി യോഗത്തില്‍ വിമര്‍ശം. ഡാമുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് അഭിപ്രായമുയര്‍ന്നു. ദുരിത ബാധിതര്‍ക്കായി 1000 വീടുകള്‍ നിര്‍മിച്ചു നല്‍കാനും കെ.പി.സി.സി നിര്‍വാഹക സമിതി തീരുമാനിച്ചു.

എല്ലാ ഡാമുകളും ഒരേ സമയം തുറന്നുവിട്ടതിലും രക്ഷാദൌത്യം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് കെ.പി.സി.സി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ അത് തുറന്നു കാണിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക തന്നെ വേണം. എന്നാല്‍ വീഴ്ചകള്‍ തുറന്നുപറയുന്നതിന് ഇത് തടസമാകാന്‍ പാടില്ലായിരുന്നുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കെ.സി ജോസഫ്, ജോസഫ് വാഴക്കന്‍ തുടങ്ങിയവരും സമാനമായ വിമര്‍ശമാണ് ഉന്നയിച്ചത്. ഡാം തുറന്നുവിട്ടതിലെ വീഴ്ച അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടേണ്ടതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്‍രെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ഇടപെടല്‍ വേണമെന്ന പൊതുധാരണയും യോഗത്തിലുണ്ടായി.

ദുരിതാശ്വാസത്തില്‍ പ്രാദേശിക തലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യോഗം ആഹ്വാനം ചെയ്തു. ദുരിത ബാധിത മേഖല ഒഴികെയുള്ള സ്ഥലങ്ങളിലെ മണ്ഡലം കമ്മറ്റികൾ 5 ലക്ഷം രൂപ വീതം പിരിക്കും. ഇത് ഉപയോഗപ്പെടുത്തി 1000 വീടുകൾ നിർമിച്ച് നൽകും. ദുരിത ബാധിതര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും കാര്‍ഷിക വായ്പകള്‍ എഴുതിതള്ളണമെന്നും ദുരന്തനിവാരണ വിഭാഗത്തിൽ മത്സ്യതൊഴിലാളികളുടെ സേന രൂപീകരിക്കണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts