Kerala
‘ബോട്ടില്‍ കേറാം പക്ഷേ തൊടരുത് ഞങ്ങള്‍ ബ്രാഹ്മണരാണ്’ 
Kerala

‘ബോട്ടില്‍ കേറാം പക്ഷേ തൊടരുത് ഞങ്ങള്‍ ബ്രാഹ്മണരാണ്’ 

Web Desk
|
21 Aug 2018 12:52 PM GMT

സാധാരണ അവര്‍ അങ്ങനെ തന്നെയാണ് പ്രതികരിക്കാറ് എന്നാല്‍ ഈ ദുരന്ത സമയത്ത് പോലും അതേ പോലെ പെരുമാറുമെന്ന് പ്രതീക്ഷിച്ചില്ല...

കേരളം അനുഭവിക്കുന്ന പ്രളയദുരന്തത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഓരോ മലയാളിയും നന്ദിയോടെയാണ് ഓര്‍മ്മിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നടക്കം ലഭിച്ച അനുമോദന പ്രവാഹങ്ങള്‍ക്കിടയിലും മോശം അനുഭവങ്ങളും മത്സ്യതൊഴിലാളികള്‍ക്കുണ്ടായി. ക്രിസ്ത്യാനിയുടെ ബോട്ടാണെങ്കില്‍ കയറില്ല, ഞങ്ങള്‍ ബ്രാഹ്മണരാണെന്ന് പറഞ്ഞവരെ പോലും അവര്‍ രക്ഷപ്പെടുത്തി ജീവിതത്തിന്റെ തീരത്തെത്തിച്ചു.

കൊല്ലം സ്വദേശിയായ മരിയോണ്‍ ജോര്‍ജ്ജ് എന്ന മത്സ്യതൊഴിലാളിയാണ് ദുരന്ത മുഖത്ത് താന്‍ അനുഭവിക്കേണ്ടി വന്ന അവഹേളനം തുറന്നു പറഞ്ഞത്. 47കാരനായ മരിയോണ്‍ ജോര്‍ജ്ജും സംഘവും രക്ഷപ്പെടുത്താനെത്തിയപ്പോള്‍ ഒരാള്‍ ചോദിച്ചത് ഇത് ക്രിസ്ത്യാനിയുടെ ബോട്ടാണോ എന്നായിരുന്നു. അതെയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ വരുന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

പിന്നീട് വെള്ളം കൂടുതല്‍ കയറുകയും ഒറ്റക്കുള്ള രക്ഷപ്പെടല്‍ അസാധ്യവുമായതോടെ ഇതേ കുടുംബം തന്നെ സഹായത്തിന് അപേക്ഷിച്ചു. അഞ്ച് മണിക്കൂറിന് ശേഷം ഇതേ വഴി മടങ്ങുമ്പോഴായിരുന്നു ജോര്‍ജ്ജിനോട് അവര്‍ രക്ഷിക്കണമെന്ന് പറഞ്ഞത്. വീടിനടുത്തേക്ക് ബോട്ട് അടുപ്പിച്ചപ്പോള്‍ ഒരു നിബന്ധന കൂടി അവര്‍ വെച്ചു. ബോട്ടില്‍ കയറാം പക്ഷേ തൊടരുത്, ഞങ്ങള്‍ ഹിന്ദു ബ്രാഹ്മണരാണ് എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും മരിയോണ്‍ ജോര്‍ജ്ജ് പറയുന്നു.

സാധാരണ അവര്‍ അങ്ങനെ തന്നെയാണ് പ്രതികരിക്കാറ് എന്നാല്‍ ഈ ദുരന്ത സമയത്ത് പോലും അതേ പോലെ പെരുമാറുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മരിയോണ്‍ ജോര്‍ജ്ജ് പറഞ്ഞു. രണ്ട് ദിവസങ്ങളിലായി 150 പേരെയാണ് മരിയോണ്‍ ജോര്‍ജ്ജ് സ്വന്തം ബോട്ടില്‍ മാത്രം രക്ഷിച്ചത്. ഒടുവില്‍ ബോട്ട് തകരാറിലായതോടെയാണ് അവര്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Similar Posts