Kerala
കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് സര്‍വകക്ഷിയോഗം
Kerala

കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് സര്‍വകക്ഷിയോഗം

Web Desk
|
21 Aug 2018 3:52 PM GMT

ഡാമുകള്‍ തുറന്നുവിട്ടതിലെ വീഴ്ച അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രളയ ദുരന്തം നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍വകക്ഷി യോഗം ഉറപ്പ് നല്‍കി. ഡാമുകള്‍ തുറന്നുവിട്ടതിലെ വീഴ്ച അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രളയത്തിന് ശേഷമുള്ള പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടുന്നതിനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സര്‍വകക്ഷി യോഗത്തില്‍ വാഗ്ദാനം നല്‍കി. കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളെ പരിശീലനം നല്‍കി ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വോളണ്ടിയര്‍മാരാക്കും. ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

രാഷ്ട്രീയപാര്‍ട്ടികളുടെയോ സംഘടനകളുടെയോ കൊടികള്‍ ഉള്‍പ്പെടെയുള്ള അടയാളങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത് തടയണമെന്നും വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ദേശം നല്‍കണമെന്ന് യോഗത്തില്‍ ധാരണയായി. വീട് നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പുകള്‍ തുടരും. എന്നാല്‍ സ്‌കൂളുകള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ പകരം സംവിധാനങ്ങള്‍ ഉറപ്പാക്കാനും തീരുമാനിച്ചു.

Similar Posts