പ്രളയക്കെടുതിയിലും കേരളത്തിന് സൗജന്യ അരിയില്ല; കേന്ദ്രത്തിന് 233 കോടി രൂപ നല്‍കണം
|തുക നൽകുന്നതില്‍ വീഴ്ച വരുത്തിയാൽ കേരളത്തെ ഭക്ഷ്യ ഭദ്രത നിയമപ്രകാരമുളള പദ്ധതികളിൽ നിന്ന് ഒഴിവാക്കുകയോ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഈടാക്കുകയോ ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
പ്രളയബാധിതരെ സഹായിക്കാനായി സൌജന്യ നിരക്കിൽ അരി അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തളളി. അരി അനുവദിക്കുന്നതിന് പകരമായി 233 കോടി രൂപ കേരളം അടയ്ക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ചു. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് കേന്ദ്രം അരി അനുവദിക്കുക.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഒരു ലക്ഷത്തി പതിനൊന്നായിരം മെട്രിക് ടൺ അരി സൊജന്യ നിരക്കിൽ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൌജന്യ നിരക്കിൽ അരി അനുവദിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സ്വീകരിച്ചത്. 89540 മെട്രിക് ടൺ അരി അനുവദിച്ച കേന്ദ്രം ഇതിനായി 233 കോടി രൂപ കേരളം അടയ്ക്കണമെന്ന നിബന്ധനയും മുന്നോട്ട് വെച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
കിലോഗ്രാമിന് 25 രൂപ നിരക്കിലായിരിക്കും അരി അനുവദിക്കുക. പണം ഇപ്പോൾ നൽകേണ്ടതില്ലെങ്കിലും പിന്നീട് അടക്കേണ്ടിവരും. തുക നൽകുന്നതില്‍ വീഴ്ച വരുത്തിയാൽ കേരളത്തിനെ ഭക്ഷ്യ ഭദ്രത നിയമപ്രകാരമുളള പദ്ധതികളിൽ നിന്ന് ഒഴിവാക്കുകയോ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഈടാക്കുകയോ ചെയ്യുമെന്നും കത്തിൽ പറയുന്നു. ഭക്ഷ്യമന്ത്രാലയത്തിൻറെ നിലപാടിനെതിരെ കേന്ദ്ര സർക്കാറിനെ സമീപിക്കാനാണ് സംസ്ഥാനത്തിൻറെ തീരുമാനം.