വിദേശയാത്ര വിവാദം: സിപിഐ അടിയന്തര എക്സ്ക്യൂട്ടീവ് യോഗം വിളിച്ചു
|മന്ത്രി കെ.രാജുവിൻറെ വിദേശയാത്ര വിവാദം ചർച്ച ചെയ്യാൻ സിപിഐ അടിയന്തര എക്സ്ക്യൂട്ടീവ് യോഗം വിളിച്ചു. ഈ മാസം 28നാണ് യോഗം. മന്ത്രിക്കെതിരെ കടുത്ത നടപടിയുണ്ടാവില്ലെന്നാണ് സൂചന.
സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതതിനിടെ ജർമ്മനിയിലേക്ക് യാത്രപോയ വനം മന്ത്രി കെ.രാജുവിനെതിരെ നടപടി വേണമെന്നാണ് സിപിഐ നേതൃത്വത്തിലെ ഭൂരിപക്ഷത്തിൻറേയും അഭിപ്രായം. മന്ത്രിയുടെ നടപടി പാർട്ടിക്കും സർക്കാറിനും കളങ്കമുണ്ടാക്കിയെന്ന് നേതൃത്വം വിലയിരുത്തുന്നു.
വിദേശയാത്രയെ ന്യായീകരിച്ച മന്ത്രിയോട് നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കൂടുതൽ നടപടി വേണമെന്ന അഭിപ്രായം പരിഗണിച്ചാണ് അടിയന്തര എക്സിക്യൂട്ടീവ് യോഗം പാർട്ടി നേതൃത്വം വിളിച്ച് ചേർത്തത്. ഈ മാസം 28നാണ് എക്സിക്യൂട്ടീവ് യോഗം ചേരുക. മന്ത്രിയെ രാജിവെപ്പിക്കണമെന്ന ആവശ്യവും പാർട്ടിക്കുളളിൽ ഉയരുന്നുണ്ടെങ്കിലും കടുത്ത നടപടിയിലേക്ക് നേതൃത്വം പോകാതെ താക്കീതിലോ പരസ്യ ശാസനയിലോ നടപടി ഒതുങ്ങാനാണ് സാധ്യതയെന്ന് സൂചനകൾ ലഭിക്കുന്നു.
മന്ത്രി രാജിവെച്ചാൽ സർക്കാറിനെ അത് പ്രതിരോധത്തിലാക്കുമെന്ന വികാരവും സംസ്ഥാന നേതൃത്വത്തിനുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിലപാട് പരിഗണിച്ചായിരിക്കും സിപിഐ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.