Kerala
ആലപ്പുഴയിലും പത്തനംതിട്ടയിലും രക്ഷാപ്രവര്‍ത്തനം അവസാനിച്ചു; വെള്ളക്കെട്ടിറങ്ങാത്ത പ്രദേശങ്ങളില്‍ ദുരിതം
Kerala

ആലപ്പുഴയിലും പത്തനംതിട്ടയിലും രക്ഷാപ്രവര്‍ത്തനം അവസാനിച്ചു; വെള്ളക്കെട്ടിറങ്ങാത്ത പ്രദേശങ്ങളില്‍ ദുരിതം

Web Desk
|
22 Aug 2018 12:56 AM GMT

പലയിടങ്ങളിലും വെള്ളമിറങ്ങിയതോടെ ക്യാംപുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

പ്രളയ ദുരിതത്തില്‍ നിന്ന് കേരളം കരകയറുകയാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലും കോട്ടയത്തുമെല്ലാം രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. വെള്ളക്കെട്ടിറങ്ങാത്ത പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്.

പാലക്കാട് ജനജീവിതം സാധാരാണഗതിയിലേക്ക് വരുന്നു. ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിച്ചു. നിലവില്‍ നെല്ലിയാമ്പതിയിലുള്ളവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രളയ ജലം ഒഴിഞ്ഞു പോയെങ്കിലും ആറൻമുളയിലെ വീഥികളും പരിസരവും ചെളി മൂടിയ നിലയിലാണ്.

പ്രളയം ദുരിതം വിതച്ച കോട്ടയം ജില്ലയിലും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളായ കുമരകത്തും വൈക്കത്തുമാണ് നിലവില്‍ ജലനിരപ്പ് താഴാത്തത്. നഗരപ്രദേശങ്ങളില്‍ വെള്ളമിറങ്ങിയതോടെ ജനങ്ങള്‍ ദുരിതാശ്വാസ ക്യാംപുകള്‍ വിട്ടുതുടങ്ങി. കുട്ടനാട്ടില്‍ നിന്നും അപ്പര്‍ കുട്ടനാട്ടില്‍ നിന്നും കോട്ടയത്തെത്തിയവര്‍ വീടുകളിലേക്ക് മടങ്ങാനാകാതെ ക്യാംപുകളില്‍ തുടരുകയാണ്.

എറണാകുളം ജില്ലയില്‍ പലയിടങ്ങളിലും വെള്ളമിറങ്ങിയതോടെ ക്യാംപുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

മഴക്കെടുതിക്ക് ശേഷം തൃശൂര്‍ ജില്ലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ഇന്ന് സര്‍വകക്ഷിയോഗം ചേരും. കലക്ടറേറ്റിലാണ് യോഗം ചേരുക. കൃഷി മന്ത്രി വി എസ് സുനില്‍കുമാറും ജില്ലയിലെ എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ദുരിതബാധിതര്‍ക്ക് എത്തിക്കുന്ന സഹായങ്ങള്‍ ശേഖരിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ജില്ലയില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

Similar Posts