മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
|ചെറുതോണി അണക്കെട്ട് ഒഴികെ ഒരു ഡാം തുറന്നപ്പോഴും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് രമേശ് ചെന്നിത്തല
ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷം. ചെറുതോണി അണക്കെട്ട് ഒഴികെ ഒരു ഡാം തുറന്നപ്പോഴും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ചെറുതോണിയിലെ ജാഗ്രതാ നിര്‍ദേശം സംബന്ധിച്ച തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ചെറുതോണി ഒഴികെ ഒരു സ്ഥലത്തും ആളുകളെ മാറ്റി താമസിപ്പിച്ചില്ല. അപ്പര്‍ഷോളയാറിലെ വെള്ളം തമിഴ്നാട് തുറന്നുവിടുന്നത് നിയന്ത്രിക്കാന്‍ സംയുക്ത ജല റഗുലേറ്ററി ബോര്‍ഡിന്‍റെ ചെയര്‍മാന്‍ സ്ഥാനം ഉണ്ടായിട്ടും കേരളത്തിന് കഴിഞ്ഞില്ല. ഇത് ഇടമലയാറിനെയും ഇടുക്കിയെയും പെരിങ്ങല്‍കുത്തിനെയെല്ലാം ബാധിച്ചു.
ബാണാസുര സാഗര്‍ തുറന്നുവിട്ടത് മുന്നറിയിപ്പില്ലാതെയാണെന്ന് ചീഫ് സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ട്. ജാഗ്രത നല്‍കിയതില്‍ ജലകമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കെ.എസ്.ഇ.ബിയില്‍ ഡാമിന്‍റെ ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. വെള്ളപ്പൊക്ക പ്രവചനത്തിന് കേന്ദ്ര ജലകമ്മീഷന്‍ അപേക്ഷ പോലും നല്‍കിയില്ല. 1924ലെ മഴ സംബന്ധിച്ച് താന്‍ പറഞ്ഞതാണ് ശരിയായ കണക്കെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.