കെ. രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് രഹസ്യ അവലോകനയോഗം
|മാധ്യമപ്രവര്‍ത്തകര്‍ കലക്ടറേറ്റിലെത്തിയതോടെ യോഗം അവസാനിപ്പിച്ച് മന്ത്രി പുറത്തിറങ്ങി
പ്രളയക്കെടുതിക്കിടെ വിദേശത്തേക്ക് പോയ മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ രഹസ്യ അവലോകനയോഗം. മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു യോഗം ചേര്‍ന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് എത്തിയതോടെ യോഗം അവസാനിപ്പിച്ച് മന്ത്രി മടങ്ങി. കോട്ടയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കാലവര്‍ഷകെടുതിക്കിടെ വിദേശപര്യടനം നടത്തിയത് വിവാദമായിരുന്നു.
സ്വാതന്ത്യദിന പരേഡിലും തുടര്‍ന്ന് നടന്ന കാലവര്‍ഷ കെടുതി അവലോകന യോഗത്തിലും പങ്കെടുത്ത ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ കോട്ടയത്തുള്ളവര്‍ പിന്നെ കാണുന്നത് ഇന്നാണ്. ജില്ലയില്‍ ഉരുള്‍പൊട്ടലടക്കമുണ്ടായ ദിവസങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട മന്ത്രി ജര്‍മ്മനിയിലേക്ക് പറന്നത്. മന്ത്രിയുടെ യാത്ര വലിയ വിവാദമാകുകയും പാര്‍ട്ടി വിശദീകരണവും ചോദിച്ച പശ്ചാത്തലത്തിലായിരുന്നു ഇന്നു മന്ത്രി കോട്ടയത്ത് വീണ്ടുമെത്തിയത്. എന്നാൽ മന്ത്രിയുടെ സന്ദര്‍ശനം ഉദ്യോഗസ്ഥരടക്കം രഹസ്യമായി സൂക്ഷിച്ചു,
11 മണിയോടെ കളക്ട്രേറ്റില്‍ യോഗം തുടങ്ങി. വകുപ്പുമേധാവികളടക്കം പങ്കെടുത്ത യോഗത്തില്‍ പ്രളയക്കെടുതിയും നഷ്ടവുമൊക്കെ വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ കലക്ടറേറ്റിലെത്തിയതോടെ യോഗം അവസാനിപ്പിച്ച് മന്ത്രി പുറത്തിറങ്ങി.