Kerala
കുന്നിന്‍ മുകളില്‍ പച്ചക്കറി കൃഷിയില്‍ നൂറ് മേനി കൊയ്ത് യുവകര്‍ഷകന്‍
Kerala

കുന്നിന്‍ മുകളില്‍ പച്ചക്കറി കൃഷിയില്‍ നൂറ് മേനി കൊയ്ത് യുവകര്‍ഷകന്‍

Web Desk
|
23 Aug 2018 7:03 AM GMT

എന്നാല്‍ ആ കുന്നിന്‍ മുകളിലൊന്നില്‍ റജീഷ് എന്ന യുവ കര്‍ഷകന്‍ പതിവു പോലെ ഇത്തവണയും വിത്തിട്ടു

കണ്ണൂര്‍, കീഴാറ്റൂരിലെ റജീഷ് എന്ന യുവ കര്‍ഷകന്‍ ഒരു ഉത്തരമാണ്. വയലും കുന്നുകളും നീര്‍ത്തടങ്ങളും നികത്തിയുളള വികസനത്തെ എന്തിന് എതിര്‍ക്കണം എന്ന ചോദ്യത്തിനുളള ഉത്തരം. കീഴാറ്റൂര്‍, വയല്‍ക്കരയിലെ കുന്നിന്‍ മുകളില്‍ ഏക്കറ് കണക്കിന് പ്രദേശത്ത് പച്ചക്കറി ഉത്പാദിപ്പിച്ചാണ് റജീഷ് ആ ചോദ്യത്തിന് സ്വയം ഉത്തരം നല്‍കുന്നത്.

ഒരുപാട് ആശങ്കകള്‍ അടിത്തട്ടിലൊതുക്കിയിട്ടെന്ന വണ്ണം കീഴാറ്റൂര്‍ വയല്‍വെളളം നിറഞ്ഞ് നിശ്ചലമായി കിടക്കുകയാണ്. വയല്‍ക്കരയിലെ കുന്നുകള്‍ക്കുമുണ്ട് നിലനില്‍പ്പിനെക്കുറിച്ചുളള ആധി. എന്നാല്‍ ആ കുന്നിന്‍ മുകളിലൊന്നില്‍ റജീഷ് എന്ന യുവ കര്‍ഷകന്‍ പതിവു പോലെ ഇത്തവണയും വിത്തിട്ടു. ഒരു പക്ഷെ,ഇനിയൊരു തവണ കൂടി വിത്തുകള്‍ മുളപ്പിക്കാന്‍ ബാക്കിയാവുമോ എന്ന ആശങ്കക്കിടയിലും ഈ കുന്നിന്‍ മുകളിലെ മണ്ണ് റജീഷിന് നല്‍കിയത് നൂറുമേനി വിളവാണ്.പാരമ്പര്യമായി കിട്ടിയ ഭൂമിയില്‍ ചെറുപ്പം മുതലെ കൃഷി ചെയ്ത് തുടങ്ങിയതാണ് റജീഷ്. ഒരു തവണ സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുളള പുരസ്കാരവും ഈ ചെറുപ്പക്കാരനെ തേടിയെത്തിയിട്ടുണ്ട്. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ റജീഷ് ഉണ്ടായിരുന്നു. വികസന വിരുദ്ധനെന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് സ്വന്തം കൃഷിയിടം ചൂണ്ടിക്കാട്ടിയാണ് ഈ യുവ കര്‍ഷകന്‍ മറുപടി നല്‍കുന്നത്.

രാസവളങ്ങള്‍ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവ രീതിയിലാണ് റജീഷിന്റെ പച്ചക്കറി കൃഷി. കീഴാറ്റൂര്‍ വയലിലൂടെ നിര്‍ദ്ദിഷ്ട ബൈപ്പാസ് കടന്നു പോയാല്‍ സമീപത്തെ അഞ്ചിലധികം കുന്നുകള്‍ ഇടിച്ച് നിരത്തപ്പെടും. ഒപ്പം റജീഷിനെപ്പോലുളള നിരവധി കര്‍ഷകരുടെ സ്വപ്നങ്ങളും.

Similar Posts