പ്രളയം: ആറൻമുള ഉത്രട്ടാതി ജലോത്സവം റദ്ദാക്കി
|മത്സര വള്ളംകളിക്ക് പകരം ആചാര പരമായ ഘോഷയാത്ര മാത്രം നടത്തും. ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ തുടർന്നുള്ള വള്ളസദ്യ വഴിപാടുകളും റദ്ദാക്കിയിട്ടുണ്ട്
കനത്ത മഴയെ തുടർന്നുള്ള പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 29 ന് നടക്കേണ്ട ആറൻമുള ഉത്രട്ടാതി ജലോത്സവം റദ്ദാക്കി. മത്സര വള്ളംകളിക്ക് പകരം ആചാരപരമായ ഘോഷയാത്ര മാത്രം നടത്തും. ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ തുടർന്നുള്ള വള്ളസദ്യ വഴിപാടുകളും റദ്ദാക്കിയിട്ടുണ്ട്
മഴക്കെടുതിയെ തുടർന്ന് പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ 52 പള്ളിയോടക്കരകൾക്കുണ്ടായ കനത്ത നാശനഷ്ടം കണക്കിലെടുത്താണ് ഉത്രട്ടാതി ജലമേള റദ്ദ് ചെയ്യുന്നത്. എന്നാൽ കാട്ടൂർ കടവിൽ നിന്നുള്ള തിരുവോണ തോണി പുറപ്പെടുന്നത് പതിവ് പോലെ നടക്കും. പങ്കെടുക്കാൻ സാധിക്കുന്ന പള്ളിയോടങ്ങൾ തിരുവോണ തോണിയെ അനുഗമിക്കും. ഉത്രട്ടാതി നാളിൽ മത്സര വള്ളംകളിക്ക് പകരം സത്ര കടവിൽ നിന്ന് ആചാരപരമായ ഘോഷയാത്ര നടക്കും.
ഈ വർഷം നടത്താനിരുന്ന വള്ള സദ്യകൾ അടുത്ത വർഷത്തേക്ക് നീട്ടും. അഷ്ടമി രോഹിണി വള്ളസദ്യക്ക് പകരം അന്നദാനം നടക്കും. പള്ളിയോട കരകർക്കും വള്ളസദ്യ കരാറുകാർക്കും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ പളളിയോട സേവ സംഘം ധനസഹായം നൽകും