കോഴിക്കോട് കരകയറുന്നു; മഴക്കെടുതി നഷ്ടപ്പെടുത്തിയ രേഖകള്‍ സെപ്റ്റംബര്‍ 15 നകം
|ഇതിനുവേണ്ടി പ്രത്യേക അദാലത്ത് നടത്തും. വിവിധതരത്തിലുള്ള ആനുകൂല്യം നേടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി പേര് രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്നും മന്ത്രിമാരായ ടി പി രാമകൃഷ്ണനും, എ കെ ശശീന്ദ്രനും അറിയിച്ചു.
മഴക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ട കോഴിക്കോട് ജില്ലക്കാര്‍ക്ക് 15-നകം രേഖകള്‍ നല്‍കും. ഇതിനുവേണ്ടി പ്രത്യേക അദാലത്ത് നടത്താന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. വിവിധ തരത്തിലുള്ള ആനുകൂല്യം നേടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി പേര് രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്ന് മന്ത്രിമാരായ ടിപി രാമക്യഷ്ണനും,എകെ ശശീന്ദ്രനും അറിയിച്ചു.
താമസിക്കാന്‍ കഴിയാത്ത തരത്തില്‍ 171 വീടുകളാണ് കോഴിക്കോട് ജില്ലയില്‍ തകര്‍ന്നത്.ഈ വീടുകളിലുണ്ടായിരുന്ന രേഖകളില്‍ അധികവും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിവേഗത്തില്‍ രേഖകള്‍ നല്‍കി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്.
റോഡ്, പാലം, മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ ചേര്‍ന്നുളള പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇനി മുതല്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കേണ്ടതില്ല. പകരം പണവും, വീട്ടുസാധനങ്ങളും നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് അറിയിപ്പ്. എട്ട് ക്യാന്പുകളിലായി 56 കുടുംബങ്ങളും 198 ആളുകളുമാണ് ജില്ലയിലുള്ളത്.