പ്രളയമേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറയുന്നു
|വെള്ളമിറങ്ങിയയിടത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
കാലാവസ്ഥ അനുകൂലമായതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്കും മറ്റും മാറിത്തുടങ്ങി. ഇന്നും നിരവധിപേര്‍ ക്യാമ്പുകളില്‍ നിന്നും മടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം വെള്ളം കയറിയ ഇടങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. കിണറുകളും മറ്റും ശുചീകരിക്കുന്നതാണ് പലസ്ഥലങ്ങളിലും വെല്ലുവിളിയായി നില്‍ക്കുന്നത്.
കോട്ടയം ജില്ലയിൽ 140 ക്യാമ്പുകൾ പിരിച്ചുവിട്ടു
വെള്ളമിറങ്ങിത്തുടങ്ങിയതോടെ കോട്ടയം ജില്ലയിൽ കൂടുതൽ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയിൽ 140 ക്യാമ്പുകൾ പിരിച്ചുവിട്ടു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലുള്ളവർ വീടുകളിലേക്ക് മടങ്ങാനാകാതെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെയാണ് പ്രളയദുരിതം കൂടുതൽ ബാധിച്ചത്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും ഈ മേഖലകളിലാണ് പ്രവർത്തിച്ചിരുന്നത്. വെള്ളമിറങ്ങിയതോടെ 140 ക്യാമ്പുകൾ പിരിച്ചുവിട്ടു. ജില്ലയിൽ മൊത്തം 365 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 37763 കുടുംബങ്ങളിൽ നിന്നായി 129006 ആളുകളുണ്ട്. ഇതിൽ 51650 പുരുഷൻമാരും 61226 സ്ത്രീകളും 16130 കുട്ടികളും ഉൾപ്പെടുന്നു.
വൈക്കം, ചങ്ങനാശേരി താലൂക്കുകളിലാണ് കൂടുതൽ കാമ്പുകൾ പ്രവർത്തിക്കുന്നത്. നഗരപ്രദേശങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. കുമരകം, വൈക്കം മേഖലയിലുള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ തുടരുകയാണ്. പല വീടുകൾക്കകത്തും വെള്ളക്കെട്ടുണ്ട്.
കോട്ടയത്തിന്റെ നഗരപ്രദേശത്ത് ജനജീവിതം സാധാരണ നിലയിലേക്കെത്തി. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ വൃത്തിയാക്കുന്ന ജോലി പോലും തുടങ്ങാനായിട്ടില്ല. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. ഈ പ്രദേശങ്ങളിൽ നിന്നും കോട്ടയം ജില്ലയിൽ അഭയം പ്രാപിച്ചവരും കാമ്പുകളിൽ തുടരുകയാണ്. പ്രളയത്തിനു ശേഷം പകർച്ചാവ്യാധിക്ക് സാധ്യതയുള്ളതായി ജില്ലാഭരണകൂടം മുൻകരുതൽ നൽകി. ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു.
തൃശൂരില്‍ ക്യാമ്പുകളില്‍ തലപൊക്കി പരാതികള്‍
തൃശൂരില്‍ പ്രളയത്തില്‍ ഇതുവരെ മരിച്ചത് 71 പേര്‍. അന്‍പത് കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ട് ലക്ഷത്തിലധികം പേരാണ് ഇപ്പോഴുമുള്ളത്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്ന ഓരോ ദിവസവും വലിയ വെല്ലുവിളിയാണ് ജില്ലാഭരണകൂടം അഭിമുഖീകരിക്കുന്നത്.
ജില്ലയിലെ ഏഴ് താലൂക്കുകളിലെ 67 വില്ലേജുകളെ പ്രളയം സാരമായി ബാധിച്ചു. 67 വീടുകള്‍ പൂര്‍ണ്ണമായും 486 വീടുകള്‍ ഭാഗികമായും നശിച്ചു. 2150 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. വടക്കാഞ്ചേരിക്കടുത്തെ കുറാഞ്ചേരിയാണ് ജില്ലയില്‍ ഏറ്റവും ആള്‍നാശമുണ്ടായത്. ഇവിടെ ഉണ്ടായ മണ്ണിടിച്ചില്‍ നാല് കൂടുംബങ്ങളിലെ പത്തൊന്‍പത് പേരാണ് മരിച്ചത്.
ദുരിതാശ്വാസ ക്യാംമ്പുകളില്‍ കഴിയുന്ന പലര്‍ക്കും ഉടന്‍ വീട്ടിലേക്ക് മടങ്ങാനാകാത്ത സാഹചര്യമാണ് ഉള്ളത്. വീടുകള്‍ വാസയോഗ്യമാക്കിയെടുക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഭക്ഷണവും വെള്ളവും അവശ്യ വസ്തുക്കളും ക്യാമ്പുകളില്‍ യഥാസമയം ലഭിക്കുന്നുണ്ട്. എങ്കിലും പരാതികള്‍ പലതായി തലപൊക്കി തുടങ്ങി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും പുനരധിവാസ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവധി ദിനങ്ങളില്‍ ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ നിര്‍ദേശമുണ്ട്. കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കറുകള്‍ ഇന്ന് മുതല്‍ രംഗത്തിറങ്ങിയിട്ടുണ്ട്
ആലപ്പുഴയിൽ ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍
മറ്റിടങ്ങളിൽ ജലനിരപ്പ് താഴ്ന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും ആലപ്പുഴ ജില്ലയിൽ രണ്ടര ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കുട്ടനാട് മേഖല വെള്ളപ്പൊക്കത്തിലായതിനാലാണ് ആളുകൾ ക്യാമ്പുകളിൽ കഴിയുന്നത്.
കുട്ടനാട് മേഖലയിൽ ഇപ്പോഴും വീടുകൾ വെള്ളത്തിനടിയിൽ തന്നെയാണ്. ആളുകൾക്ക് വീടുകളിൽ കയറാവുന്ന സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. ക്യാമ്പുകളിൽ കഴിയുന്നവരുടെ ഏറ്റവും വലിയ പരാതി ശുചിമുറി സൗകര്യങ്ങളുടെ കുറവാണ്.
ക്യാമ്പുകളിൽ കൂടുതൽ ബയോ ടോയ്‍ലെറ്റുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഹരിപ്പാട് മുതൽ ചേർത്തലവരെയുള്ള ക്യാമ്പുകളിൽ ഇതിനോടകം 30 ബയോ ടോയ്‍ലെറ്റുകൾ സ്ഥാപിച്ചു. ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ക്യാമ്പുകളിൽ 20 ബയോ ടോയ്‍ലെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കർണ്ണാടക സർക്കാരിന്റെ സ്പോൺസർഷിപ്പിൽ 100 ബയോടോയ്‍ലെറ്റുകളും ഉടൻ എത്തുമെന്നറിയിച്ചിട്ടുണ്ട്.
ഓരോ ക്യാമ്പിലും ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും അജൈവമാലിന്യങ്ങൾ അംഗീകൃത സ്‌ക്രാപ്പ് ഡീലേഴ്സിന് കൈമാറുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂരിൽ അഞ്ഞൂറോളം വോളന്റീയർമാരുടെയും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം കൊച്ചിയിൽ നിന്ന് മടങ്ങി
എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മാറിത്തുടങ്ങി. ജില്ലയിൽ 476 ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനത്തിനായി എത്തിയ സൈന്യം രക്ഷാദൗത്യം പൂർത്തിയായതോടെ കൊച്ചിയിൽ നിന്ന് മടങ്ങി.
ജില്ലയിൽ 2.8 ലക്ഷം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. പ്രളയം ഏറെ ബാധിച്ച മേഖലകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. പല വീടുകളും ഇപ്പോഴും താമസയോഗ്യമല്ല. പലരും വീടുകൾ വ്യത്തിയാക്കി ക്യാമ്പുകളിലേക്ക് തന്നെ തിരിച്ചു പോവുകയാണ് ഇപ്പോൾ. ജില്ലയിൽ ഇതിനകം 111 ക്യാമ്പുകൾ കൂടി പൂട്ടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷേ ജില്ലയിൽ അടിയന്തിര കാര്യനിർവ്വഹണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടരുന്നുണ്ട്. വാട്ടർ അതോറിറ്റി, ഫയർഫോഴ്സ്, സിവിൽ സപ്ലൈസ്, ആരോഗ്യം, മോട്ടോർ വാഹനം, റവന്യൂ, വിവര പൊതുജന സമ്പർക്കം, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സേവനം കൺട്രോൾ റൂമിൽ ലഭ്യമാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൺട്രോൾ റൂം മുഖേന ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം രക്ഷാപ്രവർത്തനം പൂർത്തിയായതോടെ സൈന്യം ജില്ലയിൽ നിന്ന് മടങ്ങിയിട്ടുണ്ട്.
ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍
പ്രളയാനന്തരമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാരെ സർക്കാർ നിയമിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് കൂടുതൽ ആളുകൾ വീടുകളിലെത്തിയതോടെ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങളും ഊർജിതമായി. പ്രളയാനന്തരമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. സ്വയം സന്നദ്ധരായ വ്യക്തികളും സംഘടനകളും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്.
വീടുകള്‍, പരിസരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ ശുചീകരണം ഏകോപിപ്പിക്കുന്നതിന്റെ ചുമതല പഞ്ചായത്ത് വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ്. ടിംപിള്‍ മാഗിയാണ് നിർവഹിക്കുന്നത്.വിവിധ സ്ഥലങ്ങളില്‍ നിന്നും ക്യാമ്പുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് നീക്കുന്നതിന്റെ നോഡല്‍ ഓഫീസര്‍മാരായി ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്ററെയും ഹരിതകേരള മിഷന്‍ ജില്ലാ കോഓഡിനേറ്ററെയും നിയമിച്ചിട്ടുണ്ട്.
നേച്ചര്‍ കെയര്‍ എന്ന കമ്പനിക്കാണ് വാഹനങ്ങളില്‍ മാലിന്യം ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്റില്‍ എത്തിക്കുന്നതിനുള്ള ചുമതല. ബ്രഹ്മപുരത്ത് കമ്പനിയ്ക്ക് ലഭ്യമായ സ്ഥലത്താണ് ഇവയുടെ സംസ്‌കരണവും പുനഃചംക്രമണവും നടത്തുക..
സ്വയം സന്നദ്ധതരായ വ്യക്തികളും സംഘടനകളും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്. ശുചീകരണത്തിന് പാലിക്കേണ്ട മുൻകരുതൽ രേഖപ്പെടുത്തിയ ലഘുലേഖ വിതരണവും പകർച്ചവ്യാധിതടയാനുള്ള ബോധവത്ക്കരണവും നടക്കുന്നുണ്ട്
ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ച 47 പേരുടെയും കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു സഹായം ഇതിനകം കൈമാറിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ ശുചീകരണം ബഹുജന പങ്കാളിത്തത്തോടെ
പത്തനംതിട്ട ജില്ലയിൽ ബഹുജന പങ്കാളിത്തതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് . 50157 വീടുകളും 350കിണറുകളുമാണ് ജില്ലയിൽ വൃത്തിയാക്കാനുള്ളത്. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്
തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിൽ വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും സഹകരിച്ചാണ് ശുചീകരണ പ്രവർത്തനം നടക്കുന്നത് . ഇതു വരെ 8300 വീടുകളും 3000 കിണറുകളും വൃത്തിയാക്കി. 818 പൊതു സ്ഥലങ്ങളിൽ 282 ഉം 2900 പൊതു സ്ഥാപനങ്ങളിൽ 600 എണ്ണവും ശുചീകരിച്ചു. പ്രളയത്തിൽ ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിനും നടപടി ആരംഭിച്ചു
ക്യാമ്പുകളുടെ എണ്ണം 543 ൽ നിന്ന് 459 ആയി കുറഞ്ഞു. I,20000 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഒരാഴ്ച ഉപയോഗിക്കാൻ പാകത്തിൽ 22 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകും. ഇത്തരത്തിൽ 35000 ത്തിൽ ഏറെ കിറ്റുകൾ ഇനിയും സജ്ജമാക്കേണ്ടതുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ശുചീകരണയജ്ഞം
കോഴിക്കോട് നഗരത്തിലെ പ്രളയബാധിത മേഖലകളില്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ശുചീകരണയജ്ഞം. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം രണ്ടായിരത്തോളം പേര്‍ ശുചീകരണത്തില്‍ പങ്കു ചേര്‍ന്നു.
വെള്ളം കയറി ചെളിയും മാലിന്യവും നിറഞ്ഞ പ്രദേശങ്ങളും വീടുകളും വൃത്തിയാക്കുകയെന്നതായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍റെ ലക്ഷ്യം. കോര്‍പ്പറേഷന്‍റെ പദ്ധതിക്കായി പൊതു ജനവും പോലീസും സന്നദ്ധ സംഘനടകളും കൈ കോര്‍ത്തതോടെ ശുചീകരണ യജ്ഞത്തിനായി നിരവധിയാളുകളെത്തി. മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ യു വി ജോസ്, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര് ,തുടങ്ങിയവരും പങ്കാളികളായി.. ഓരോ വാര്‍ഡിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് നേതൃത്വം നല്‍കുന്നത്....