മണികിലുക്കവുമായി ഓണപ്പൊട്ടനെത്തി, പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാവാന്‍
|കോഴിക്കോട് കുറ്റ്യാടിയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ഓണപ്പൊട്ടന് എത്തിയത്.
ഐശ്വര്യത്തിന്റെ മണികിലുക്കവുമായി ഓണപ്പൊട്ടന് ഇത്തവണയെത്തിയത് പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ വേണ്ടി. കോഴിക്കോട് കുറ്റ്യാടിയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ഓണപ്പൊട്ടന് എത്തിയത്.
പതിവ് പോലെ കൈമണി കിലുക്കി മുഖത്തും ചായവും കൈതനാര് കൊണ്ടുള്ള തലമുടിയും കീരിടവുമടക്കമുള്ള ആടയാഭരണങ്ങള്‍ അണിഞ്ഞ് തന്നെ പ്രജകളെ കാണാനായി ഓണപ്പൊട്ടന് എത്തി. പക്ഷേ ഇത്തവണത്തെ വരവിന് ചില പ്രത്യേകതകളുണ്ട്. ദുരിതകാലം തീര്‍ത്ത വറുതിയിലാണ് കേരളം. അപ്പോള്‍ പിന്നെ വെറുതെ വന്ന് പോകാനാവില്ലല്ലോ. അതിജീവിക്കാനായി പാടുപെടുന്ന പ്രജകള്‍ക്ക് ഒപ്പം നില്‍ക്കണം. ആയതിനാല്‍ ഇത്തവണ കിട്ടുന്നതെല്ലാം ഇപ്പോള്‍ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
പരമ്പരാഗതമായി ആചാര അനുഷ്ടാനങ്ങളോടെ ഓണപ്പൊട്ടനായി എത്തുന്ന നരിക്കൂട്ടുംചാലിലെ രാജേഷാണ് ഉത്രാടദിനത്തിലും തിരുവോണത്തിനുമായി കിട്ടുന്നതെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചത്. രാജേഷിന്റെ കൂട്ടുകാരടങ്ങിയ പാറയ്ക്കല്‍ കൂട്ടായ്മയും ഇതിനൊപ്പം ഉണ്ട്. മഹാബലിയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്ന ഓണപ്പൊട്ടനും അങ്ങനെ മലയാളിയുടെ അതീജിവന ശ്രങ്ങള്‍ക്ക് ഒപ്പം ചേരുന്നു.