കേരളത്തിനുള്ള വിദേശസഹായം തടയുന്ന കേന്ദ്രനയത്തിനെതിരെ ബിനോയ് വിശ്വം എംപി സുപ്രീംകോടതിയിലേക്ക്
|2005ലെ ദുരന്ത നിവാരണ നിയമമനുസരിച്ച് ദുരന്തത്തിന്റെ നഷ്ടം വിലയിരുത്തിയതിന് ശേഷമേ വിദേശ സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ. എന്നാല്‍ നഷ്ടം വിലയിരുത്തും മുന്‍പ് കേന്ദ്രം സഹായം നിരസിച്ചു.
കേരളത്തിനുള്ള വിദേശ സഹായം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതിനെതിരെ ബിനോയ് വിശ്വം എംപി സുപ്രീംകോടതിയില്‍. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.
2005ലെ ദുരന്ത നിവാരണ നിയമമനുസരിച്ച് ഒരു ദുരന്തത്തിന്റെ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തിയതിന് ശേഷം മാത്രമേ വിദേശ സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തും മുന്‍പ് തന്നെ വിദേശ രാജ്യങ്ങളുടെ സഹായം നിരസിച്ചു. ഇത് ഭരണഘടനപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
യു.എ.ഇയില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
യു.എ.ഇയുടെ സഹായം നിരസിക്കുന്ന കേന്ദ്ര നയത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും രംഗത്തുവന്നിരുന്നു. യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നത് കേന്ദ്രം കുറച്ചിലായാണ് കരുതുന്നത്. യുഎഇ തരുന്നത് പിച്ചക്കാശല്ല. ചോദിച്ച സഹായം തരാത്തവര്‍, മറ്റുള്ളവര്‍ തരുന്നത് തടയരുതെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.