Kerala
ആഘോഷത്തിനപ്പുറം ദുരിതബാധിതരോടുള്ള ഐക്യപ്പെടലായി ഓണം
Kerala

ആഘോഷത്തിനപ്പുറം ദുരിതബാധിതരോടുള്ള ഐക്യപ്പെടലായി ഓണം

Web Desk
|
25 Aug 2018 10:47 AM GMT

പ്രളയത്തില്‍ ഒലിച്ചുപോയതാണ് ഇത്തവണത്തെ ഓണം. മാനുഷരെല്ലാരുമൊന്നുപോലെ സങ്കടക്കടലില്‍. എങ്കിലും വെള്ളമിറങ്ങിയ വീട്ടുമുറ്റത്ത് ഇത്തിരി പൂക്കള്‍കൊണ്ട് കളമിട്ട് കേരളം ഓണം കൊണ്ടാടി.

പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ക്കിടെ കേരളം ഓണം ആഘോഷിക്കുന്നു. ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കിയ ഇത്തവണ ആഘോഷത്തിനപ്പുറം ദുരിതബാധിതരോടുള്ള ഐക്യപ്പെടലായിരുന്നു ഓണം.

പ്രളയത്തില്‍ ഒലിച്ചുപോയതാണ് ഇത്തവണത്തെ ഓണം. മാനുഷരെല്ലാരുമൊന്നുപോലെ സങ്കടക്കടലില്‍. എങ്കിലും വെള്ളമിറങ്ങിയ വീട്ടുമുറ്റത്ത് ഇത്തിരി പൂക്കള്‍കൊണ്ട് കളമിട്ട് കേരളം ഓണം കൊണ്ടാടി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ പാട്ടുകള്‍ ഉയര്‍ന്നു.

ഔദ്യോഗികമായ എല്ലാ ആഘോഷാരവങ്ങളും ഒഴിവാക്കി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. പ്രളയം അധികം നാശം വിതക്കാത്ത തിരുവനന്തപുരത്തും നിറം മങ്ങിയ ഓണം. അങ്ങിങ്ങായി പേരിന് ചില ആഘോഷം മാത്രം.

ദുരന്തം മറികടക്കാന്‍ കേരള ജനതക്ക് ഈ ഓണം ശക്തി പകരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒറ്റക്കെട്ടായിരിക്കാമെന്ന് രാഹുല്‍ ഗാന്ധിയുടെ ആശംസ.

ആർഭാടങ്ങളില്ലാതെ സദ്യ ഒരുക്കി വയനാട് ഓണം

കാലവർഷക്കെടുതി കൂടുതൽ ദുരിതം വിതച്ച വയനാട് ജില്ലയിൽ കാര്യമായ ഓണാഘോഷങ്ങളില്ല. എല്ലാ ക്യാംപുകളിലും സദ്യ ഒരുക്കിയാണ് ദുരിതബാധിതരുടെ ആഘോഷം. ജില്ലയിലെ മിക്ക ജനപ്രതിനിധികളുടെയും ഓണവും ക്യാംപുകളിലാണ്.

വയനാട്ടുകാർക്ക് ഇത് അതിജീവനത്തിന്റെ ഓണമാണ്. ആർഭാടങ്ങളില്ലാതെ സദ്യ ഒരുക്കിയാണ് ഓണം ആഘോഷിച്ചത്. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചാണ് ജനപ്രതിനിധികളും ഓണം ആഘോഷിക്കുന്നത്. നിലവിൽ ജില്ലയിൽ 42 ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1852 കുടുംബങ്ങളിൽ നിന്നായി 6410 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്.

മാനന്തവാടി കണിയാരം സെന്റ് ജോസഫ് ടി.ടി.ഐയിലെ ക്യാമ്പ് അംഗങ്ങളോടൊപ്പമാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ സദ്യയുണ്ടത്.

Similar Posts