കാറ്ററിംഗ് ഓര്‍ഡറുകള്‍ ഒഴിവാക്കി ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണമൊരുക്കുകയാണ് രാജു സ്വാമി
|ആലപ്പുഴയില്‍ എസ്.ഡി.വി ബോയ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണം ഒരുക്കി രാവും പകലും കൂടെ നില്‍ക്കുകയാണ് കാറ്ററിംഗ് സര്‍വീസ് ഉടമയായ രാജു സ്വാമി.
ആലപ്പുഴയില്‍ എസ്.ഡി.വി ബോയ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണം ഒരുക്കി രാവും പകലും കൂടെ നില്‍ക്കുകയാണ് കാറ്ററിംഗ് സര്‍വീസ് ഉടമയായ രാജു സ്വാമി. ഓണക്കാലത്തെ കാറ്ററിംഗ് ഓര്‍ഡറുകള്‍ പലതും വേണ്ടെന്ന് വെച്ച് തന്റെ കൈവശമുള്ള വലിയ പാത്രങ്ങളും മറ്റ് സാമഗ്രികളും ക്യാമ്പില്‍ ഭക്ഷണം തയ്യാറാക്കാനായി നല്‍കുകയും ചെയ്തു രാജു സ്വാമി. ഇത്തവണ സ്വാമിയുടെ ഓണാഘോഷവും ക്യാമ്പിൽ ഭക്ഷണമൊരുക്കിക്കൊണ്ടാണ്.
കുട്ടനാട്ടില്‍ നിന്ന് ജനങ്ങളെ കൂട്ടമായി ആലപ്പുഴയിലേക്ക് മാറ്റാന്‍ ആരംഭിച്ച ആഗസ്ത് 16ന് തന്നെ സര്‍ക്കാര്‍ തലത്തില്‍ ഭക്ഷണവും ദുരിതാശ്വാസവും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമാവുന്നതിന് മുന്‍പ് തന്നെ എസ്ഡിവി സ്കൂളില്‍ എത്തിയ ആളുകള്‍ക്ക് ഭക്ഷണവും ആശ്വാസവാക്കുകളുമായി രാജു സ്വാമി എന്ന വെങ്കിട്ടനാരായണന്‍ എത്തിയിരുന്നു. തന്റെ കാറ്ററിംഗ് യൂണിറ്റിലെ വലിയ പാത്രങ്ങളും മറ്റും ക്യാമ്പില്‍ ഭക്ഷണമുണ്ടാക്കാനായി കൊണ്ടുവന്നു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്കുന്ന സാധാരണ ഭക്ഷണ സാധനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഭക്ഷണമാണ് എസ്.ഡി.വി സ്കൂളിലെ ക്യാമ്പ് അംഗങ്ങള്‍ക്ക് നല്‍കുന്നത്.
സ്വാമിയുടെ 67ആം പിറന്നാള്‍ ക്യാമ്പംഗങ്ങള്‍ക്കൊപ്പം അവര്‍ക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ടായിരുന്നു. ഓണവും ക്യാമ്പംഗങ്ങള്‍ക്കൊപ്പം അവര്‍ക്ക് സദ്യയൊരുക്കിക്കൊണ്ടാണ്.