പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കുള്ള ധനസഹായം പെട്ടെന്നുതന്നെ
|ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും അധികസഹായം നല്‍കുമെന്ന് മന്ത്രി എ കെ ബാലന്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച കളക്ഷൻ സെൻററുകള്‍ ഇപ്പോഴും തിരക്കൊഴിയാതെ
പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കുള്ള ധനസഹായം വേഗത്തിൽ ലഭ്യമാക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച കളക്ഷൻ സെൻററുകളിൽ ഇപ്പോഴും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തിന് പുറമേ ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും അധികസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന് അറിയിച്ചു.
പ്രളയക്കെടുതിയിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവർക്ക് 10000 രൂപ വീതം നൽകാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. ഇത് വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ ആരംഭിച്ചിട്ടുള്ളത്. ക്യാമ്പുകളിലുള്ളവർ വീടുകളിൽ പോകുന്ന മുറക്ക് പണം ലഭ്യമാക്കും. വീടിന്റെ അറ്റകുറ്റപ്പണി നടത്താനും, വീട്ടുപകരണങ്ങൾ വാങ്ങാനും വായ്പ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. വായ്പ നൽകേണ്ട ബാങ്കുകളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.
അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ സ്വീകരിക്കാനുള്ള കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം തലസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്. നിശാഗന്ധിയിൽ അടക്കമുള്ള കളക്ഷൻ സെന്ററുകളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ദിവസവും എത്തുന്നത്.
പ്രളയ ദുരിതത്തിൽപ്പെട്ട സംസ്ഥാനത്തെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെ പതിനായിരം രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. പട്ടിക ജാതി കുടുംബങ്ങൾക്ക് അയ്യായിരം രൂപയും അധികമായി നല്‍കും. പട്ടികജാതി- പട്ടിക വർഗ്ഗ വകുപ്പിന്റെ ഫണ്ടിൽ നിന്നാകും പണം നൽകുകയെന്നും മന്ത്രി എ കെ ബാലന് അറിയിച്ചു.