Kerala
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം
Kerala

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

Web Desk
|
26 Aug 2018 10:18 AM GMT

പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനവും വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. 1,610 ക്യാമ്പുകളിലായി 5,39,910 പേരാണ് ഇപ്പോള്‍ കഴിയുന്നത്. ദുരന്തത്തില്‍ 293 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പ്രളയക്കെടുതിയില്‍ വിലമതിക്കാനാകാത്ത സേവനം നല്‍കിയ വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് വൈകീട്ട് ഔദ്യോഗിക യാത്രയയപ്പ് നല്‍കും.

പ്രളയത്തിന് ശേഷമുള്ള അതീജീവന പാതയിലാണ് കേരളം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും സജീവമാണ്. 1786 ക്യാമ്പുകളിലായി 1,62,563 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ 176 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. 57,613 പേര്‍ വീടുകളിലേക്ക് മടങ്ങി. 1,46,698 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദുരന്തം കൂടുതല്‍ ബാധിച്ച ആലപ്പുഴ ജില്ലയില്‍ 60,142 കുടുംബങ്ങളാണ് 574 ക്യാമ്പുകളിലായി കഴിയുന്നത്.

ദുരന്തത്തില്‍ 293 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്‍റെ കണക്ക്. 15 പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ 140 പേര്‍ ചികിത്സയിലാണ്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം അവലോകന യോഗം ചേരുന്നുണ്ട്. വിവിധ വകുപ്പ് മേധാവികള്‍ക്കൊപ്പം സേനാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന സേനാവിഭാഗങ്ങളെ കേരളം ഔദ്യോഗികമായി ആദരിക്കും. വൈകീട്ട് ആറുമണിക്ക് തിരുവനന്തപുരം ടെക്നിക്കല്‍ വിമാനത്താവളത്തിലാണ് ചടങ്ങ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വച്ച് സര്‍ക്കാര്‍ സ്വീകരണം നല്‍കുന്നുണ്ട്.

Similar Posts