എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ പേര്‍ വീടുകളിലേക്ക്
|നിലവില്‍ 157 ദുരിതാശ്വാസ ക്യാംപുകളിലായി 75,472 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഈ ക്യാമ്പുകളില്‍ ചിലത് ഇന്ന് വൈകുന്നേരത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
എറണാകുളം ജില്ലയില്‍ എണ്ണൂറിലധികം ദുരിതാശ്വാസക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ശുചീകരണം കഴിഞ്ഞതോടെ ദുരിതബാധിതര്‍ വീടുകളിലേക്ക് മടങ്ങിയതോടെയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ശേഷിക്കുന്ന ക്യാമ്പുകളിലെ ആളുകള്‍ വരും ദിവസങ്ങളിലും വീടുകളിലേക്ക് മടങ്ങും.
നിലവില്‍ 157 ദുരിതാശ്വാസ ക്യാംപുകളിലായി 75,472 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഈ ക്യാമ്പുകളില്‍ ചിലത് ഇന്ന് വൈകുന്നേരത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
കൂടുതല്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത് സ്കൂളുകളിലാണ്. പഠനം പുനരാരംഭിക്കേണ്ടതിനാല്‍ സ്കൂളുകളിലുളള ശേഷിക്കുന്ന ക്യാമ്പുകളും പിരിച്ചുവിട്ടേക്കും. വീടുകള്‍ താമസയോഗ്യമാകാത്തിടങ്ങളില്‍ സ്കൂളുകള്‍ക്ക് പകരം ബദല്‍ സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്.
വീടുകള്‍ താമസയോഗ്യമാകാത്തവര്‍ ശുചീകരണ പ്രവര്‍ത്തി തുടരുകയാണ്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. ദുരിതാശ്വസ ക്യാമ്പുകളില്‍ ആശ്വാസം കണ്ടെത്തിയ ആളുകള്‍ക്ക് ക്യാമ്പുകളിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുളളൂ.
പത്തനംതിട്ടയിൽ പ്രളയ ബാധിത മേഖലകളിൽ നിന്ന് ക്യാമ്പുകളിൽ എത്തിയവർ വീടുകളിലേക്ക് മടങ്ങി തുടങ്ങി. എന്നാൽ അപ്പർ കുട്ടനാട് മേഖലയിലുള്ള ഭൂരിഭാഗം പേരും ക്യാമ്പുകളിൽ തുടരുകയാണ്. നിലവിൽ 247 ക്യാമ്പുകളാണ് ജില്ലയിലുള്ളത്.
പത്തനംതിട്ട ജില്ലയില്‍ 543 ക്യാമ്പുകൾ എന്നത് ഇപ്പോൾ 247 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ 211 ക്യാമ്പുകളും പ്രവർത്തിക്കുന്നത് കുട്ടനാട്ടിലാണ്. ആകെ 49,115 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിൽ, 45167 പേർ അപ്പർ കുട്ടനാട് ഉൾപ്പെടുന്ന തിരുവല്ല താലൂക്കിലാണ്.
ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ജില്ലയിൽ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. വീടുകൾ വൃത്തിയാക്കുന്നതിനൊപ്പം കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കുന്നതിനും നടപടി ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് അതത് പഞ്ചായത്തുകൾക്ക് മാർഗ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ പഠന സാമഗ്രികൾ സമാഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്യത്തിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.