Kerala
ഓണക്കാല മദ്യവില്‍പന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവ്
Kerala

ഓണക്കാല മദ്യവില്‍പന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവ്

Web Desk
|
27 Aug 2018 1:18 PM GMT

ബിവറേജസ് ഔട്ട്‍ലെറ്റുകളിലൂടെ ഈ വര്‍ഷത്തെ ഓണക്കാലത്ത് വിറ്റത് 516 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.

ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവ്. ബിവറേജസ് ഔട്ട്‍ലെറ്റുകളിലൂടെ ഈ വര്‍ഷത്തെ ഓണക്കാലത്ത് വിറ്റത് 516 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. തിരുവോണ ദിവസം ബിവറേജസ് അടച്ച് ബാറുകള്‍ക്ക് സൌകര്യമൊരുക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇന്നലെ വരെയുള്ള 10 ദിവസത്തെ കണക്കാണ് ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ടത്. 516 കോടി രൂപയാണ് ആകെ വിറ്റുവരവ്. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 88 കോടി രൂപ. അവിട്ടം ദിനത്തില്‍ 59 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 533 കോടി രൂപയുടെ മദ്യ വില്പന നടന്നിരുന്നു. ഈ വര്‍ഷം 17 കോടി രൂപ കുറവാണ് ഉണ്ടായത്. ഇത്തവണ തിരുവോണ ദിനത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കൂടാതെ വെള്ളപ്പൊക്കത്തില്‍ 60 ഔട്ട് ലെറ്റുകള്‍ പൂട്ടുകയും ചെയ്തിരുന്നു. വില്പന കുറവിന്‍റെ കാരണം ഇതാണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ തിരുവോണ ദിനത്തില്‍ ബിവേറജസ് ഔട്ട് ലെറ്റ് അടച്ചതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. ബാറുകളോട് സര്‍ക്കാര്‍ ഉപകാര സ്മരണ ചെയ്തുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഓണ ദിവസത്തില്‍ അവധി വേണമെന്ന ബിവറേജസ് ജീവനക്കാരുടെ ആവശ്യം അംഗീകരിക്കുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണാര്‍ഥം വിദേശ മദ്യത്തിന്‍റെ എക്സൈസ് തീരുവ 10 മുതല്‍ 28 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

Related Tags :
Similar Posts