Kerala
പ്രളയം; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി
Kerala

പ്രളയം; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

Web Desk
|
27 Aug 2018 3:27 PM GMT

ജില്ലാ കലക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

പ്രളയം മൂലമുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നഷ്ടമായ രേഖകള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പതിനായിരം രൂപ അടിയന്തര ധനസഹായം നാളെ മുതല്‍ ലഭ്യമാകും.

വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കിയതോടെ ക്യാമ്പുകളില്‍ നിന്ന് കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങി. ഇപ്പോള്‍ 1,093 ക്യാന്പുകളിലായി 3,42,699 പേര്‍ മാത്രം. വെള്ളമിറങ്ങാത്തിടത്തെ ക്യാമ്പുകള്‍ കുറച്ച് ദിവസംകൂടി തുടരേണ്ടിവരും. ജില്ലാ കലക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

ഓരോ മേഖല തിരിച്ച് നാശനഷ്ടങ്ങള്‍ കൃത്യമായും സമയബന്ധിതമായും തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിലക്കയറ്റം തടയണം. രോഗികളായവര്‍ക്ക് ചികിത്സ നല്‍കണം. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ്ങും. ധനസഹായം ലഭ്യമാക്കാനും നടപടിയായി.

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം വലിയ ചലനമുണ്ടാക്കി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം നേരിട്ടെത്തി ചീഫ് സെക്രട്ടറിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുടങ്ങിയവരും ശമ്പളം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് പുറമെ, തൊഴില്‍, തദ്ദേശ ഭരണം, വിദ്യാഭ്യാസം, സഹകരണം വകുപ്പു മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കും.

Similar Posts