Kerala
വിദേശത്ത് നിന്നുള്ള റിലീഫ് സാമഗ്രികള്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുന്നുവെന്ന് പ്രതിപക്ഷം
Kerala

വിദേശത്ത് നിന്നുള്ള റിലീഫ് സാമഗ്രികള്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുന്നുവെന്ന് പ്രതിപക്ഷം

Web Desk
|
27 Aug 2018 10:59 AM GMT

പല സംഘടനകളും സ്വന്തം നിലയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ശേഖരിച്ച സാധനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

സന്നദ്ധ സംഘടനകള്‍ വിദേശത്ത് നിന്നയക്കുന്ന റിലീഫ് സാമഗ്രികള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ വഴി വിതരണം ചെയ്താല്‍ മാത്രമേ സാധനങ്ങള്‍ വിട്ടുതരികയുള്ളൂ എന്നാല്‍ സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ മാത്രമേ വിതരണം ചെയ്യാവൂ എന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് സമാഹരിച്ച സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് നികുതി ഇളവുണ്ട്. ഇത് ലഭ്യമാക്കണമെങ്കില്‍ സാമഗ്രികള്‍ ജില്ലാ ഭരണ കൂടത്തിന് തന്നെ കൈമാറണമെന്ന നിബന്ധനയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വെച്ചിരിക്കുന്നത്. പല സംഘടനകളും സ്വന്തം നിലയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ശേഖരിച്ച സാധനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നേരത്തെ ജില്ലാ ഭരണകൂടം ചില സന്നദ്ധ സംഘടനകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇങ്ങനെ അനുമതി ലഭിച്ച സംഘടനകള്‍ക്ക് പോലും ഇപ്പോള്‍ സാമഗ്രികള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണ്. നിയന്ത്രണം മാറ്റണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Similar Posts